'വിജയ് ലക്ഷ്യം വെച്ചത് കമ്മ്യൂണിസ്റ്റ് ആശയത്തിലെ തുല്യത'; നടന്റെ സൈക്കിള്‍ യാത്രയെ കുറിച്ച് പിതാവ് ചന്ദ്രശേഖര്‍

നടന്‍ വിജയ് വോട്ട് ചെയ്യാനായി സൈക്കിളില്‍ എത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇന്ധന വിലയ്‌ക്കെതിരെയുള്ള പ്രതിഷേധമാണ് വിജയ് അറിയിച്ചതെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെ താരത്തിന്റെ ടീം സത്യാവസ്ഥ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് താരത്തിന്റെ പിതാവ് എസ്.എ ചന്ദ്രശേഖര്‍.

സാധാരണക്കാര്‍ക്ക് വേണ്ടിയാണ് വിജയ് സൈക്കിള്‍ യാത്ര നടത്തിയത്. അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന പൊതു തിരഞ്ഞെടുപ്പാണ്. ഒരു വലിയ നടന്‍ എന്ന നിലയ്‌ക്കോ അല്ലെങ്കില്‍ ഒരു വിഐപി എന്ന നിലയ്‌ക്കോ പോയി വോട്ട് ചെയ്യാതെ എല്ലാവരും തുല്യരാണ് എന്ന് കരുതി, ഒരു പൗരന്‍ എന്ന നിലയ്ക്ക് സാധാരണ ജനങ്ങളില്‍ ഒരാളായാണ് വിജയ് പോയത് എന്ന് താന്‍ കരുതുന്നു. എല്ലാവരും തുല്യരാണ് എന്ന കമ്മ്യൂണിസ്റ്റ് ആശയം പോലെ എന്നാണ് വിജയ്‌യുടെ പിതാവ് പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസിനോടാണ് ചന്ദ്രശേഖര്‍ പ്രതികരിച്ചത്. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന ചോദ്യത്തിനും ചന്ദ്രശേഖര്‍ മറുപടി നല്‍കി. രാഷ്ട്രീയത്തിലേക്ക് ആര്‍ക്ക് വേണമെകിലും ഇറങ്ങാം, അതില്‍ ജയ-പരാജയം ജനങ്ങളുടെ കൈയില്‍ ആണെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

ചെന്നൈ നീലാങ്കരിയിലുള്ള ബൂത്തിലാണ് വിജയ് സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയത്. പോളിംഗ് ബൂത്ത് വിജയ്യുടെ വീടിനടുത്ത് ആയതിനാലാണ് അദ്ദേഹം സൈക്കിളില്‍ പോകാന്‍ തീരുമാനിച്ചത്. കാര്‍ എടുത്താല്‍ റോഡില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടേക്കാം. ഇതിന് പിന്നില്‍ മറ്റൊരു ഉദ്ദേശവുമില്ല എന്നാണ് താരത്തിന്റെ മാനേജര്‍ റിയാസ് ട്വീറ്റ് ചെയ്തത്.