ഇത് പകപോക്കല്‍, അദ്ദേഹത്തിന്റെ പേരില്‍ ഇങ്ങനെ ചെയ്യാന്‍ നാണമില്ലേ; ആ 65 കോടി വിജയ്‌യുടേതല്ല; തെളിവുകള്‍ നിരത്തി ആരാധകര്‍

നടന്‍ വിജയ്‌യില്‍ നിന്നും കണക്കില്‍പ്പെടാത്ത 65 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തെന്ന വാര്‍ത്ത പരന്നിരുന്നു. ഇത് തികച്ചും വ്യാജമാണെന്ന് കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. ദേശീയവാര്‍ത്താ ഏജന്‍സിയിലാണ് വിജയ്‌യുടെ വസതിയില്‍ നിന്നും കണക്കില്‍ പെടാത്ത 65 കോടി പിടിച്ചെടുത്തതായി വാര്‍ത്ത വന്നത്. വലിയ ബാഗുകളില്‍ അടുക്കിവെച്ചിരിക്കുന്ന പണത്തിന്റെ ചിത്രങ്ങളും വാര്‍ത്തയുടെ കൂടെ നല്‍കിയിരുന്നു.

എന്നാല്‍ ഈ തുക സിനിമാ നിര്‍മ്മാണത്തിനു ഫണ്ട് നല്‍കുന്ന അന്‍പു ചെഴിയന്റെ മധുരയിലെ ഓഫീസില്‍ നിന്നും പിടിച്ചെടുത്തതാണ്. താരത്തെ താറടിക്കാന്‍ മനഃപൂര്‍വം ചിലര്‍ കളിക്കുന്നതാണെന്നും ഇത് പകപോക്കലാണെന്നും വിജയ് ആരാധകര്‍ പറയുന്നു.

സിനിമാ നിര്‍മ്മാതാക്കളുടെയും രാഷ്ട്രീയക്കാരുടെയും ബിനാമി ഇടപാടുകാരനാണ് അന്‍പു ചെഴിയന്‍. ബിഗില്‍ നിര്‍മാതാക്കളായ എജിഎസ് ഫിലിംസിന് സാമ്പത്തിക സഹായം നല്‍കിയതും വ്യവസായി അന്‍പു ചെഴിയനാണ്. ചെന്നൈയിലെ ഓഫിസില്‍ നിന്ന് 50 കോടിയും മധുരയില്‍ നിന്ന് 15 കോടിയും പിടിച്ചെടുത്തു. ബിഗില്‍ നിര്‍മ്മാതാക്കളായ എജിഎസ് ഫിലിംസിന്റെ ഓഫീസില്‍ നിന്ന് ഇന്നലെ 24 കോടി പിടിച്ചെടുത്തിരുന്നു.