പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വിജയ് ബാബു; നവാഗതരുടെ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ മാത്രമായി ഒരു ബാനര്‍; ആദ്യ ചിത്രം പ്രഖ്യാപിച്ചു

സിനിമാമോഹവുമായി എത്തുന്ന നവാഗത പ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ നിര്‍മ്മാതാവ് വിജയ് ബാബുവിന്റെ പുതിയ സംരംഭം. ഫ്രൈഡേ ഫിലിംസിന്റെ കീഴിലാണ് പുതിയ വിഭാഗം രൂപീകരിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പിരിമെന്റ് എന്ന് ബാനറിലാണ് വിജയ് ബാബു നവാഗതരുടെ ചിത്രങ്ങള്‍ സംവിധാനം ചെയ്യുക. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിജയ് പുതിയ സംരംഭത്തെ കുറിച്ചുള്ള വിവരം അറിയിച്ചത്.

നവാഗതനായ ജോണ്‍ മന്ത്രിക്കലിന്റെ ജനമൈത്രിയാണ് ഈ സംരംഭത്തിലെ ആദ്യ ചിത്രം. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിലൂടെ സിനിമയിലേക്ക് അരങ്ങേറുന്ന പത്താമത്തെ സംവിധായകനാണ് ജോണ്‍. പുതിയ സംരംഭത്തിലൂടെ സിനിമയെ സ്നേഹിക്കുന്ന കഴിവുറ്റ പുതുമുഖങ്ങളെ സിനിമയിലേക്ക് എത്തിക്കാനാണ് വിജയ് ബാബുവിന്റെ ശ്രമം.

ഇതിന് പുറമെ ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ സിനിമാ താരം സത്യന്റെ ജീവിതകഥ പറയുന്ന ചിത്രവും വിജയ് ബാബു നിര്‍മ്മിക്കുന്നുണ്ട്. ജയസൂര്യയാണ് സത്യനായി എത്തുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റാണ് ഇതെന്നാണ് വിജയ് ബാബു പറയുന്നത്. കൂടാതെ ഗാംങ്സ് ഓഫ് ബന്തടുക്ക എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്. ഇതിന് പുറമെയാണ് പുതുമുഖങ്ങള്‍ക്ക് വേണ്ടി വിജയ് ബാബു പുതിയ സംരംഭത്തിന് തുടക്കമിട്ടത്.