വിജയ് ബാബുവിന്റെ മാസ് എന്‍ട്രി വീഡിയോ; വിളിച്ചുവരുത്തി ശകാരിച്ച് മോഹന്‍ലാല്‍

‘അമ്മ’യുടെ ജനറല്‍ ബോഡി മീറ്റിംഗിലെ വിജയ് ബാബുവിന്റെ മാസ് എന്‍ട്രി വിഡിയോയില്‍ കടുത്ത അതൃപ്തി അറിയിച്ച് മോഹന്‍ലാല്‍. യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്നവരെ വിളിച്ചുവരുത്തി യോഗത്തില്‍ ശകാരിക്കുകയും ചെയ്തു. യുട്യൂബ് ഉള്ളടക്ക നിയന്ത്രണ ചുമതല ബാബുരാജ് അടങ്ങുന്ന വര്‍ക്കിങ്ങ് കമ്മിറ്റിക്ക് കൈമാറി.

അമ്മ’യുടെ യുട്യൂബ് ചാനലിലൂടെ മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ വിജയ് ബാബുവിന്റെ വീഡിയോ മാസ് എന്‍ട്രിയാക്കി പുറത്തു വിട്ടിരുന്നു. അത്തരത്തില്‍ ഒരു വീഡിയോ പ്രചരിപ്പിക്കാന്‍ ഉണ്ടായ കാരണമെന്ത് എന്ന് ചോദിച്ചുകൊണ്ട് കെ ബി ഗണേഷ് കുമാര്‍ മോഹന്‍ലാലിന് അയച്ച കത്തിന് പിന്നാലെയാണ് നടപടി.

മാസ് എന്‍ട്രി എന്ന തലക്കെട്ട് നല്‍കി വിജയ് ബാബുവിന്റെ വീഡിയോ പബ്ലിഷ് ചെയ്ത യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്നവരെ വിളിച്ചുവരുത്തിയാണ് യോഗത്തില്‍ മോഹന്‍ലാല്‍ ശകാരിച്ചത്. വീഡിയോ ‘അമ്മ’യുടെ യൂട്യൂബ് ചാനലില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തതിലും മോഹന്‍ലാല്‍ അതൃപ്തി അറിയിച്ചു. വിജയ് ബാബു യോഗത്തില്‍ വരുമെന്ന് പറഞ്ഞപ്പോള്‍ മാറിനില്‍ക്കാന്‍ പറയാമായിരുന്നും വിജയ് ബാബുവിനെ യോഗത്തില്‍ എത്തിച്ചതാണ് ഏറ്റവും അധികം വിമര്‍ശനത്തിന് ഇടയായത് എന്നും ഇന്ന് നടന്ന എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി.

ജൂലൈ മൂന്നിനാണ് ‘അമ്മ’യുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ നടന്ന വിഷയങ്ങള്‍ക്ക് മറുപടി ആവശ്യപ്പെട്ടുകൊണ്ട് സംഘടന പ്രസിഡന്റ് മോഹന്‍ലാലിന് ഗണേഷ് കുമാര്‍ കത്ത് നല്‍കിയത്. വിജയ് ബാബു യോഗത്തില്‍ പങ്കെടുത്ത സംഭവം, ഇടവേള ബാബുവിന്റെ ‘ക്ലബ്’ പരാമര്‍ശം, തുടര്‍ന്നുണ്ടായ വിവാദം, ‘അമ്മ’യില്‍ വര്‍ധിപ്പിച്ച അംഗത്വ ഫീസ് തുടങ്ങിയ ഒന്‍പത് കാര്യങ്ങളെ ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയിരിക്കുന്നത്.