വിജയ് ബാബു വ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യം ഉണ്ടാകരുത്; നടന് ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ അതിജീവിത

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ വിജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്ന് അതിജീവിത ഹൈക്കോടതിയില്‍. വിജയ് ബാബു ജാമ്യവ്യവസ്ഥ നിര്‍ണ്ണയിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അവര്‍ കോടതിയില്‍ ബോധിപ്പിച്ചു. അതേസമയം വിജയ് ബാബു നാട്ടിലെത്തിയ ശേഷം അറസ്റ്റ് പോരെയെന്ന കോടതിയുടെ ചോദ്യത്തിന് അറസ്റ്റ് അനിവാര്യമാണെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

വിജയ് ബാബു നാട്ടിലെത്തിയിട്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്നും മടക്കയാത്രക്കുള്ള ടിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കാനും കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ചപ്പോള്‍ സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് മേയ് 30ന് കൊച്ചിയിലേക്കുള്ള ഫ്‌ലൈറ്റ് ടിക്കറ്റിന്റെ പകര്‍പ്പും ഉപഹര്‍ജിയും ഹാജരാക്കിയിരുന്നു.

ബുധനാഴ്ച ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോള്‍ വിജയ് ബാബു നാട്ടിലെത്തട്ടെയെന്ന് വാക്കാല്‍ പറഞ്ഞെങ്കിലും ഇന്നു പരിഗണിക്കാന്‍ മാറ്റുകയായിരുന്നു

കഴിഞ്ഞ മാസം 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരം വാഗ്ദാനം ചെയ്ത് കൊച്ചിയിലെ ഫ്‌ലാറ്റിലും ആഡംബര ഹോട്ടലിലും പാര്‍പ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

ഫെയ്‌സ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു ആരോപണം നിഷേധിക്കുകയും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. താനാണ് ഇരയെന്നും ആരോപണങ്ങള്‍ കള്ളമെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ തന്റെ കൈയ്യിലുണ്ടെന്നും വിജയ് ബാബു അവകാശപ്പെട്ടു.