ഈ നാട്ടുകാരനല്ലേ, ഇങ്ങനെ എത്രനാള്‍ പോകും, നിയമത്തെ വെല്ലുവിളിക്കാന്‍ നിന്നാല്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടാവും'; വിജയ് ബാബുവിന് മുന്നറിയിപ്പുമായി പൊലീസ്

നടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി വിജയ് ബാബു ഏത് രാജ്യത്തേക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജ്‌വിജയ് ബാബുവിനെതിരായ കേസിന്റെ വിവരങ്ങളും വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയ രേഖകളും വിദേശകാര്യ മന്ത്രാലയം വഴി ജോര്‍ജിയന്‍ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

നിയമത്തെ വെല്ലുവിളിക്കാന്‍ നിന്നാല്‍ നടന് ബുദ്ധിമുട്ടാവുമെന്നും കമ്മിഷണര്‍ മുന്നറിയിപ്പ് നല്‍കി. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പത്തൊന്‍പതിന് ഹാജരാകാമെന്ന് വിജയ് ബാബു പറഞ്ഞിരുന്നെങ്കിലും വന്നില്ല. അതിനാലാണ് പാസ്പോര്‍ട്ട് റദ്ദാക്കിയത്. ഇനി യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാവും. ഹാജരായി പറയാനുള്ളത് പറയുക. അത് ചെയ്യുന്നില്ല. ബുദ്ധിമുട്ടാകുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

അയാള്‍ ഈ നാട്ടുകാരനാണ്. ഇങ്ങനെ എത്രനാള്‍ പോകും. ഇവിടെ വരുന്നതാണ് യുക്തി. ‘- പൊലീസ് കമ്മിഷണര്‍ പറഞ്ഞു. ഈ മാസം 24നകം ഹാജരായില്ലെങ്കില്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.