നെടുനീളന്‍ ഡയലോഗുകള്‍ കണ്ട് പേടിച്ചുപോയ അവരെ ആശ്വസിപ്പിക്കാനായില്ല; 'പടയോട്ട'ത്തില്‍ നായികയായെത്തി മലയാള ഭാഷ പേടിച്ചു മടങ്ങിയ വിദ്യ സിന്‍ഹ

അന്തരിച്ച ഹിന്ദി ചലച്ചിത്ര നടി വിദ്യാ സിന്‍ഹയ്ക്ക് മലയാള സിനിമയുമായി ഒരു ബന്ധമുണ്ട്. ഇവര്‍ മലയാളത്തിലെ ആദ്യ 70 എം.എം. സിനിമയായ പടയോട്ടത്തിലെ നായികയായിരുന്നുവെന്ന യാഥാര്‍ത്ഥ്യം എത്ര പേര്‍ക്ക് അറിയാം. ഹിന്ദിയില്‍ തിളങ്ങി നിന്ന വിദ്യാ സിന്‍ഹയെ പടയോട്ടത്തില്‍ നായികയാകാന്‍ ക്ഷണിച്ചത് സംവിധായകനായ ജിജോയായിരുന്നു. പ്രേംനസീറിന് നായികയായെത്തിയ വിദ്യാസിന്‍ഹ പക്ഷേ ഒരു ഷോട്ട് ചിത്രീകരിച്ചപ്പോള്‍ തന്നെ ചിത്രത്തില്‍ നിന്ന് സ്വയം പിന്‍മാറുകയായിരുന്നു.

അതേക്കുറിച്ച് പടയോട്ടത്തിന്റെ ഛായാഗ്രാഹകനായിരുന്ന രാമചന്ദ്രബാബു എഫ്.ബി.യില്‍ കുറിച്ചതിങ്ങനെ..”1982 ലായിരുന്നു പടയോട്ടത്തിന്റെ ചിത്രീകരണം.മലമ്പുഴയില്‍ രാജകൊട്ടാരത്തിന്റെ സെറ്റ് ഇട്ടിരുന്നു.ഒരു രംഗം ചിത്രീകരിച്ചു.സഹതാരങ്ങളുടെ നെടുങ്കന്‍ ഡയലോഗുകള്‍ കേട്ട് അവര്‍ പേടിച്ചുപോയി. തിരക്കഥാകൃത്ത് ഗോവിന്ദന്‍കുട്ടിയായിരുന്നു. തനിക്കു പരിചിതമല്ലാത്ത ഭാഷയില്‍ ഇത്രയും ദൈര്‍ഘ്യമുള്ള സംഭാഷണങ്ങള്‍ ഉരുവിടാന്‍ പ്രയാസമാണെന്ന് പറഞ്ഞാണ് വിദ്യാസിന്‍ഹ പടയോട്ടത്തില്‍ നിന്ന് പിന്‍മാറിയത്. തിരക്കഥാകൃത്ത് അടക്കം എല്ലാവരും അവരെ സമാശ്വസിപ്പിച്ച് പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങാതെ മടങ്ങുകയായിരുന്നു. പകരം നടി ലക്ഷ്മിയാണ് നസീറിന്റെ നായികയായത്.”

വിദ്യാസിന്‍ഹ അഭിനയിച്ച അവസാന ഹിന്ദി ചിത്രം ” ബോഡിഗാര്‍ഡ്” സംവിധാനം ചെയ്തത് മലയാളി സംവിധായകന്‍ സിദ്ദിക്കായിരുന്നു.ബസുചാറ്റര്‍ജിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം “രജനീഗന്ധ”യാണ് വിദ്യാസിന്‍ഹയെ ശ്രദ്ധേയയാക്കിയത്..ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മുംബൈയിലായിരുന്നു വിദ്യാസിന്‍ഹയുടെ വേര്‍പാട്.

Read more