മമ്മൂട്ടിയെ അനുകരിച്ച് അനൂപ് മേനോന്‍; ‘കിങ് ഫിഷി’ലെ ആദ്യ ഗാനം പുറത്ത്

അനൂപ് മേനോന്‍ ആദ്യമായി എഴുതി സംവിധാനം ചെയ്യുന്ന ‘കിങ് ഫിഷി’ലെ ആദ്യ ഗാനം പുറത്ത്. ”എന്‍ രാമഴയില്‍” എന്ന റൊമാന്റിക് ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. അനൂപ് മേനോന്‍ തന്നെ രചിച്ച ഗാനത്തിന് രതീഷ് വേഗ ഈണം പകര്‍ന്ന് വിജയ് യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്.

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന അനൂപ് മേനോനും ദിവ്യ പിള്ളയുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഭാസ്‌ക്കര വര്‍മ്മ എന്ന കഥാപാത്രമായാണ് അനൂപ് മേനോന്‍ എത്തുന്നത്. നീലകണ്ഠ വര്‍മ്മ എന്ന കഥാപാത്രമായി സംവിധായകന്‍ രഞ്ജിത്തും പ്രധാന വേഷത്തിലെത്തുന്നു.

ഭാസ്‌ക്കര വര്‍മ്മയെയും അയാളുടെ അമ്മാവന്‍ നീലകണ്ഠ വര്‍മ്മയെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. നിരഞ്ജന അനൂപ്, നന്ദു ദുര്‍ഗ കൃഷ്ണ, സംവിധായകന്‍ ലാല്‍ ജോസ്, ധനേഷ് ആനന്ദ്, ആര്യന്‍ കൃഷ്ണ മേനോന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് മറ്റ് താരങ്ങള്‍. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ് കോയ ആണ് നിര്‍മ്മാണം.