ലഭിച്ച പുരസ്‌കാരം ഉപകാരസ്മരണയാണെന്ന് ഞങ്ങള്‍ പറയില്ല ; അദ്ദേഹം ഒരു കലാകാരനാണ് ; ജോജുവിനെ കുറിച്ച് വി.ഡി. സതീശന്‍

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച ജോജു ജോര്‍ജിനെ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വൈറ്റിലയിലെ കോണ്‍ഗ്രസ് സമരത്തിനെതിരായി പ്രതികരിച്ചതുകൊണ്ടാണ് ജോജുവിന് അവാര്‍ഡ് ലഭിച്ചതെന്ന് തങ്ങള്‍ പറയില്ലെന്ന് അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘വൈറ്റിലയില്‍ കോണ്‍ഗ്രസ് സമരത്തിനെതിരെ പരസ്യമായി രംഗത്ത് വന്നതിന്റെ ഉപകാരസ്മരണയാണ് ജോജുവിന് ലഭിച്ച പുരസ്‌കാരമെന്ന് ഞങ്ങള്‍ പറയില്ല. അങ്ങനെയൊന്നും ഞങ്ങള്‍ പറയില്ല. അദ്ദേഹം ഒരു കലാകാരനാണ്. അദ്ദേഹം ഒരു തെറ്റായ കാര്യം ചെയ്തു. അത് ഞങ്ങള്‍ ചോദ്യം ചെയ്തു.

അദ്ദേഹം എന്നോട് സംസാരിച്ചിരുന്നു. ഞാന്‍ കേസുമായി പോവില്ല, അതൊരു പ്രത്യേക സാഹചര്യത്തില്‍ വന്നതാണെന്ന് അദ്ദേഹം പറഞ്ഞതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാശിയോടെ മുന്നോട്ട് പോയതുകൊണ്ടാണ് ഞങ്ങളുടെ ആളുകള്‍ റിമാന്‍ഡില്‍ പോയത്. അദ്ദേഹത്തെ പോലൊരാള്‍ക്ക് അവാര്‍ഡ് ലഭിച്ചതില്‍ പ്രത്യേകം അഭിനന്ദിക്കുന്നു,’ സതീശന്‍ പറഞ്ഞു.

Read more

ജോജു ജോര്‍ജിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. ഇതിന് മറുപടിയുമായി മന്ത്രി സജി ചെറിയാനും രംഗത്ത് വന്നിരുന്നു. ജോജുവിന് നന്നായി അഭിനയിച്ചതിനാണ് അവാര്‍ഡ് കിട്ടിയതെന്നും കോണ്‍ഗ്രസ്സുകാര്‍ ആരെങ്കിലും നന്നായി അഭിനയിച്ചാല്‍ അവര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ പ്രത്യേക ജൂറിയെ തീരുമാനിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.