'വലിയ പെരുന്നാള്' ക്യാപ്റ്റന്‍ രാജുവിന്റെ അവസാന ചിത്രം

ഷെയ്ന്‍ നിഗം നായകനായെത്തുന്ന “വലിയ പെരുന്നാള്” ഡിസംബര്‍ 20ന് തിയേറ്ററുകളിലെത്തുകയാണ്. ക്യാപ്റ്റന്‍ രാജു അവസാനമായി അഭിനയിച്ച ചിത്രം എന്ന പ്രത്യേകത കൂടി വലിയ പെരുന്നാളിനുണ്ട്. വില്ലന്‍ വേഷങ്ങളിലൂടെ ആസ്വാദകരുടെ മനം കവര്‍ന്നും പിന്നീട് ഹാസ്യതാരമായും മാറിയ നടന്‍ 20018 സെപ്റ്റംബറിലാണ് മലയാള സിനിമയെ വിട്ടു പിരിയുന്നത്.

ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ “രക്ത”ത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ അദ്ദേഹം “മാസ്റ്റര്‍ പീസി”ല്‍ ക്യാപ്റ്റന്‍ രാജുവായി തന്നെ വേഷമിട്ടിരുന്നു. നവാഗതനായ ഡിമല്‍ ഡെന്നിസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് വലിയ പെരുന്നാള്. ഫോര്‍ട്ട് കൊച്ചി-മട്ടാഞ്ചേരി ഭാഗത്തു ജീവിക്കുന്ന ഒരു പിടി ആളുകളുടേയും അവരുടെ ഇടയിലെ സങ്കീര്‍ണമായ ബന്ധങ്ങളുടെയും അവരുടെ ദൈനം ദിന ജീവിതത്തിലെ അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങളുടേയും കഥയാണ് ചിത്രം പറയുന്നത്.

ഡിമലിനൊപ്പം തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മാജിക് മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. “എ ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്” എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്. ഹിമിക ബോസ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു.