പാര്‍വതിയില്‍ നിന്ന് പല്ലവിയിലേക്ക്; അതിശയിപ്പിക്കുന്ന മേക്കോവര്‍ വീഡിയോ

“ഉയരെ”യില്‍ പാര്‍വതി തിരുവോത്ത് അവതരിപ്പിച്ച പല്ലവിയെന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ആസിഡ് ആക്രമണത്തിന് ശേഷമുള്ള കഥാപാത്രത്തിന്റെ മേക്കപ്പ് ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മേക്കപ്പിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ഉയരെയുടെ അണിയറ പ്രവര്‍ത്തകര്‍.

പല്ലവിയാകാനുള്ള പാര്‍വതിയുടെ കഷ്ടപ്പാടുകള്‍ കണ്ട് നടിക്ക് അഭിനന്ദനപ്രവാഹമാണ്. മണിക്കൂറുകള്‍ നീണ്ടുനിന്ന മേക്കപ്പ് സെഷനുകളാണ് ഓരോ ദിവസവും നടന്നത്. ബെംഗളൂരുവിലുള്ള ഡേര്‍ട്ടി ഹാന്‍ഡ്സ് സ്റ്റുഡിയോ എന്ന പ്രോസ്‌തെറ്റിക്‌സ് മേക്കപ്പ് ടീമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

ദിവസവും നാലുമണിക്കൂറോളം എടുത്താണ് മേക്കപ്പ് ചെയ്തിരുന്നത്. ഒരു വശം പൂര്‍ണമായും ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ മാതൃകയിലേക്ക് മാറ്റുന്ന കാഴ്ച അതിശയിപ്പിക്കുന്നതാണ്.