വര്‍ഷങ്ങള്‍ക്ക് ശേഷം ഒരേ ഫ്രെയിമില്‍ ഉര്‍വ്വശിയും ശോഭനയും; വന്‍ താരനിരയുമായി ദുല്‍ഖര്‍ ചിത്രം

വന്‍ താരനിരയുമായി കന്നി സംരംഭം വ്യത്യസ്തമാക്കാന്‍ ഒരുങ്ങുകയാണ് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍. ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍ എന്നീ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തില്‍ നടി ഉര്‍വ്വശിയും. ചിത്രത്തിന്റെ അവസാന ഭാഗത്തിലാണ് ഉര്‍വ്വശി എത്തുന്നത്.

കഴിഞ്ഞ ദിവസം ഉര്‍വ്വശി ഷൂട്ടിങ്ങിനെത്തിയ വീഡിയോ അനൂപ് സത്യന്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു. ‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലെ ഗാനം പ്ലേ ചെയ്താണ് ഉര്‍വ്വശിയെ ടീം സ്വീകരിച്ചത്. 1987ല്‍ ‘നാല്‍ക്കവല’ എന്ന ചിത്രത്തിലാണ് ഉര്‍വ്വശിയും ശോഭനയും ഒന്നിച്ച് സ്‌ക്രീനിലെത്തിയത്.

ചെന്നൈയില്‍ സ്ഥിര താമസമാക്കിയ രണ്ടു പേരുടെ കഥയാണ് ചിത്രം പറയുന്നത്. ചെന്നൈയാണ് പ്രധാന ലൊക്കേഷന്‍. അല്‍ഫോന്‍സ് സംഗീതം. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം. ചിത്രത്തിന്റെ കഥയും തിരക്കഥയും അനൂപ് തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.