കൊറോണ കാലത്ത് ഉണ്ണി മുകുന്ദന്‍ ഹിന്ദിയില്‍ സിനിമാഗാനം എഴുതുന്നു

കൊറോണ പ്രതിസന്ധികള്‍ക്കിടയില്‍ വീട്ടിലിരിക്കുന്ന സമയം കൃത്യമായി വിനിയോഗിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മരട് ഫ്‌ളാറ്റ് പൊളിക്കലിനെ പ്രമേയമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന “മരട് 357” ചിത്രത്തിന് ഹിന്ദിയില്‍ ഗാനം എഴുതുകയാണ് താരം. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിനടുത്തു വരുന്ന ഗാനമാണ് ഉണ്ണി ഒരുക്കുന്നത്.

മൂന്ന് മിനിറ്റു ദൈര്‍ഘ്യം വരുന്ന പശ്ചാത്തല സംഗീതമായാണ് ഹിന്ദി പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കണ്ണന്‍ താമരക്കുളത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രം “പട്ടാഭിരാമന്” പശ്ചാത്തല സംഗീതം ഒരുക്കിയ സാനന്ദ് ജോര്‍ജ് ഗ്രേസ് തന്നെയാണ് മരടിനും പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

കണ്ണന്റെ “അച്ചായന്‍സ്” എന്ന സിനിമയിലൂടയാണ് ഉണ്ണി മുകുന്ദന്‍ പിന്നണി ഗായകനാകുന്നത്. “”അനുരാഗം പുതു മഴ പോലെ”” എന്ന ഗാനമാണ് ഉണ്ണി ആദ്യം ആലപിച്ച ഗാനം. താരത്തിന് വളരെയധികം പ്രശംസ നേടി കൊടുത്ത ആ ഗാനത്തിന്റെ രചനയും ഉണ്ണി തന്നെ ആയിരുന്നു. മമ്മൂട്ടി ചിത്രം “കുട്ടനാടന്‍ ബ്ലോഗ്” എന്ന സിനിമയിലെ ഉണ്ണി പാടിയ “”ചാരത്തു നീ വന്ന നേരം”” എന്ന ഗാനവും ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. കൂടാതെ മമ്മൂട്ടിയുടെ “ഷൈലോക്കി”ലെ “എക്താ ബോസ്”” എന്ന ഗാനവും ഉണ്ണിയാണ് പാടിയത്. കൊറോണ പ്രതിസന്ധി ഒഴിയുന്നതോടെ ഗാനം പുറത്തെത്തും.

ദിനേശ് പള്ളത്ത് തിരക്കഥ ഒരുക്കുന്ന മരട് 357 നിര്‍മ്മിക്കുന്നത് അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്നാണ്. അനൂപ് മേനോന്‍, ധര്‍മജന്‍, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍, സെന്തില്‍ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മരട് 357ല്‍ ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് നായികമാര്‍.