എല്ലാ സമൂഹ മാധ്യമങ്ങളിൽ നിന്നും തത്കാലം ഒരു ഇടവേള; തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദൻ

എല്ലാ സമൂഹ മാധ്യമങ്ങളിൽ നിന്നും തത്കാലത്തേക്ക് മാറിനിൽക്കുന്നുവെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഇനി സിനിമകളിൽ കാണാമെന്നുമാണ് അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നത്.

പഴകിയൊരു കത്തിന്റെ മാതൃകയിൽ സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പും ഉണ്ണി ഫേയ്സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. “എല്ലാ സമൂഹ മാധ്യമങ്ങളിൽ നിന്നും തത്കാലം ഒരു ഇടവേളയെടുക്കുന്നു. മേപ്പടിയാൻ എന്ന സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചതിനാലാണ് ഇത്. ടീം ഉണ്ണി മുകുന്ദനായിരിക്കും ഇനി എന്റെ പേജുകളും കൈകാര്യം ചെയ്യുന്നത്. സിനിമകളുടെ വിവരങ്ങളെല്ലാം നിങ്ങളെ അവർ അറിയിക്കും. ഇനി തിയ്യറ്ററിൽ കാണാം”, എന്നാണ് ഉണ്ണിയുടെ കുറിപ്പ്.

നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന സിനിമയാണ് മേപ്പടിയാൻ. ക്രൈം ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം നിർമിക്കുന്നത് മാക്ട്രോ പിക്ചേഴ്സിന്റെ ബാനറിൽ സതീഷ് മോഹനാണ്. ശ്രീനിവാസൻ, ലെന, ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ, സൈജു കുറുപ്പ്, അലൻസിയർ എന്നിങ്ങനെ വലിയ താരനിര തന്നെ സിനിമയ്ക്കായി അണിനിരക്കുന്നുണ്ട്.