”ആ വോയിസ് ക്ലിപ്പിനെ കുറിച്ച് അറിയില്ല”; മാമാങ്കം റിലീസ് ഡേറ്റിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍

പ്രേക്ഷകരും സിനിമാലോകവും ഒരുപോലെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘മാമാങ്കം’. എന്നാല്‍ മമ്മൂട്ടി നായകനായെത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം നവംബര്‍ 21ന് റിലീസിനെത്തുന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഡിസംബര്‍ 12ലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇതുവരെ ഔദ്യോഗിക സ്ഥീരികരണമൊന്നും ഉണ്ടായിട്ടില്ല. ഇതിനിടെ തന്റെ പേരില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ ഉണ്ണി മുകുന്ദന്‍ രംഗത്തെത്തി. ”മാമാങ്കം റിലീസ് തീയ്യതിയെ കുറിച്ച് എന്റെ പേരില്‍ പ്രചരിക്കുന്ന വോയിസ് ക്ലിപ്പിനെ കുറിച്ച് അറിയില്ല. സിനിമയുടെ റിലീസിനെക്കുറിച്ചറിയാന്‍ ഔദ്യോഗിക പേജ് ശ്രദ്ധിച്ചാല്‍ മതി” എന്നാണ് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.

ചന്ത്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. എം പദ്മകുമാര്‍ ഒരുക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്.