പെണ്ണിന് സമാധാനമായി ജീവിക്കാന്‍ പറ്റിയ ഇങ്ങനൊരു നാട് ലോകത്ത് വേറെയില്ല: യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി 'ഉള്‍ട്ട' ട്രെയ്‌ലര്‍

ഗോകുല്‍ സുരേഷ് നായകനായെത്തുന്ന “ഉള്‍ട്ട”യുടെ ട്രെയ്‌ലര്‍ പുറത്ത്. നര്‍മത്തിന് പ്രാധാന്യം നല്‍കികൊണ്ട് ഒരുക്കുന്ന ചിത്രത്തില്‍ വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെ കഥയാണ് പറയുന്നത്. മികച്ച പ്രതികരണങ്ങള്‍ നേടി യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ് ട്രെയ്‌ലര്‍.

അനുശ്രീ, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. എല്ലാ കാര്യത്തിലും സ്ത്രീകള്‍ മുന്നില്‍ നില്‍ക്കുന്ന ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കുറച്ച് സസ്‌പെന്‍സുകളും ട്രെയ്‌ലറിലുണ്ട്. ചിത്രത്തിലെ മുഴുവന്‍ താരങ്ങളും ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. രമേഷ് പിഷാരടി, സിദ്ദിഖ്, ശാന്തി കൃഷ്ണ, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

“ദീപസ്തംഭം മഹാശ്ചര്യം”, “അച്ഛനെയാണെനിക്കിഷ്ടം”, “നാടന്‍ പെണ്ണും നാട്ടുപ്രമാണിയും” തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഉള്‍ട്ട. സിപ്പി ക്രീയേറ്റീവ് വര്‍ക്‌സിന്റെ ബാനറില്‍, ഡോ. സുഭാഷ് സിപ്പിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.