പൈതൃകം കാക്കാന്‍ ഉദയനിധി സ്റ്റാലിന്‍; ഇനി ഡി.എം.കെ.യുടെ യുവജന വിഭാഗം ജനറല്‍ സെക്രട്ടറി

ഡി.എം.കെ യുവജന വിഭാഗം ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിനെ നിയമിച്ചു. യുവജന വിഭാഗം ജനറല്‍ സെക്രട്ടറിയായാണു സ്റ്റാലിന്റെയും സജീവ രാഷ്ട്രീയത്തിലേക്കുള്ള വരവ്. ആ വഴിയേ തന്നെയാണ് ഉദയനിധിയുടെയും വരവ്.

കഴിഞ്ഞ രണ്ടുവര്‍ഷമായി ഡി.എം.കെയുടെ പ്രവര്‍ത്തനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഉദയനിധി സജീവമായിരുന്നു. നിലവില്‍ കരുണാനിധി കുടുംബത്തിന്റെ കീഴിലുള്ള മുരശൊലി ട്രസ്റ്റിന്റെ മാനേജിങ് ഡയറക്ടറാണ് ഉദയനിധി. പാര്‍ട്ടിയുടെ മുഖപത്രമായ മുരശൊലിയുടെ നടത്തിപ്പിലും പ്രധാന പങ്കുവഹിക്കുന്നുണ്ട്.

Read more

പിതാവായ എം.കെ. സ്റ്റാലിന്‍ 35 വര്‍ഷത്തോളം അലങ്കരിച്ചിരുന്ന പദവിയിലേക്കാണ് മകനായ ഉദയനിധി സ്റ്റാലിനും ഇപ്പോള്‍ എത്തുന്നത്. ഉദയനിധി പാര്‍ട്ടിയുടെ തലപ്പത്തേക്ക് എത്തുന്നതോടെ കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് ഡി.എം.കെ. നേതാക്കളുടെ പ്രതീക്ഷ.