‘മധുരരാജ’യ്ക്ക് ശേഷം ‘ഷിബു’വുമായി ഉദയകൃഷ്ണ സ്റ്റുഡിയോസ്; ചിത്രം ഉടന്‍ തിയേറ്ററുകളില്‍

മമ്മൂട്ടി നായകനായെത്തിയ മധുരരാജയുടെ വിജയത്തിന് പിന്നാലെ ഒരു കൊച്ചുചിത്രത്തിന്റെ വിതരണം ഏറ്റെടുത്ത് ഉദയകൃഷ്ണ സ്റ്റുഡിയോസ്. മാസ്റ്റര്‍പീസ്, മധുര രാജ എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് പിന്നാലെയാണ് ഷിബു ഉദയകൃഷ്ണ സ്റ്റുഡിയോസ് തിയേറ്ററുകളിലെത്തിക്കുന്നത്.

നായക കഥാപാത്രമായ ഷിബുവിന്റെ സിനിമാമോഹവും ഡോക്ടറായ കല്യാണിയോടുള്ള പ്രണയവുമാണ് സിനിമയുടെ പശ്ചാത്തലം. സത്യന്‍ അന്തിക്കാട് സിനിമകളുടെയും ലാല്‍ ജോസ് സിനിമകളുടെയുമൊക്കെ ആരാധകനായ നായകന്‍ സിനിമ പഠിക്കാന്‍ പോകുന്നതും അതിനിടയില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും ആണ് ഷിബുവിന്റെ പ്രമേയം.ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖമായ കാര്‍ത്തിക് രാമകൃഷ്ണനാണ്.

ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയയായ അഞ്ജു കുര്യന്‍ ആണ് നായിക.32ാം അദ്ധ്യായം 23ാം വാക്യം എന്ന ചിത്രമൊരുക്കിയ അര്‍ജുനും ഗോകുലും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സലിംകുമാര്‍, ബിജു കുട്ടന്‍, അല്‍താഫ് സലിം, ഹരിത നായര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഹാപ്പി വെഡ്ഡിംഗ് എന്ന സര്‍പ്രൈസ് ഹിറ്റിന് തിരക്കഥ ഒരുക്കിയ പ്രണീഷ് വിജയനാണ് ഷിബുവിന്റെയും രചന. ഗായകന്‍ സച്ചിന്‍ വാര്യരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. സജിത് പുരുഷന്‍ ആണ് ഛായാഗ്രാഹകന്‍. നിര്‍മ്മാണം കാര്‍ഗൊ സിനിമാസ്.