'ഉടലാഴം' പ്രദര്‍ശനത്തിന് ഒരുങ്ങുന്നു; പ്രിവ്യൂ ഷോ ഇന്ന്

നിരവധി അന്തരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രേക്ഷക പ്രശംസ നേടിയ “ഉടലാഴം” ഡിസംബര്‍ 6-ന് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഉണ്ണിക്കൃഷ്ണന്‍ ആവള രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഡോക്ടേഴ്സ് ഡിലമയുടെ ബാനറില്‍ ഡോ. മനോജ്.കെ.ടി, ഡോ.രാജേഷ് എം.പി., ഡോ.സജീഷ് എം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നത്.

പതിനാലാം വയസില്‍ ഗോത്രാചാരപ്രകാരം വിവാഹം ചെയ്ത ഗുളികന്‍ എന്ന ട്രാന്‍സ്ജെന്‍ഡറിന്‍റെ ശരീരത്തെ കുറിച്ചുള്ള തിരിച്ചറിവാണ് ഉടലാഴം പറയുന്നത്. മോഹന്‍ലാലിന്റെ “ഫോട്ടോഗ്രാഫര്‍” എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡ് നേടിയ മണി, രമ്യ വല്‍സല, ഇന്ദ്രന്‍സ്, ജോയ് മാത്യു, അനുമോള്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

എ.മുഹമ്മദ് ഛായാഗ്രഹണവും സിതാര കൃഷ്ണകുമാറും മിഥുന്‍ ജയരാജും ചേര്‍ന്നാണ് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. 72 ഫിലിം കമ്പനിയാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. റിലീസിന് മുന്നോടിയായി നിയമസഭാ സാമാജികര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി പ്രത്യേക പ്രിവ്യൂ ഷോ ഇന്ന് നവംബര്‍ 13-ന് വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ വെച്ച് നടത്തുന്നുണ്ട്.