വൈറലായി ടൊവീനോയുടെ പുതിയ ചിത്രം; സംവിധായകനാകാനുള്ള ശ്രമമാണോ എന്ന് ആരാധകര്‍

ഇന്‍സ്റ്റാഗ്രാമില്‍ ടൊവിനോ തോമസ് പങ്കുവെച്ച ചിത്രം കണ്ട് സംവിധാനത്തിനുള്ള തയ്യാറെടുപ്പാണോ എന്ന് ചോദിച്ച ആരാധകരോട് ടൊവീനോയുടെ രസകരമായ മറുപടി. കല്‍ക്കി” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ക്യാമറ കണ്ണിലൂടെ നോക്കുന്ന ചിത്രമാണ് ടൊവിനോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

“പറഞ്ഞ് എടുപ്പിച്ച ഫോട്ടോ കൊറേക്കാലമായുള്ള ആഗ്രഹം ആയിരുന്നു ഇങ്ങനൊരു ഫോട്ടോ” എന്നാണ് തലക്കെട്ടായി താരം കുറിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് കമന്റുകളുമായാണ് ആരാധകരെത്തിയിരിക്കുന്നത്. സംവിധായകനാകാനുള്ള ശ്രമമാണോ എന്ന കമന്റുകളാണ് ഏറെ പേരും ചോദിക്കുന്നത്. എന്നാല്‍ ടൊവിനോ ഇതിനൊന്നും മറുപടി നല്‍കിയിട്ടില്ല.

പൃഥ്വിരാജ് ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്തതിന് പിന്നാലെ വിരലിലെണ്ണാവുന്ന താരങ്ങളും സംവിധാന മേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ട്. കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയ താരങ്ങളാണ് ക്യാമറയ്ക്ക് മുന്നില്‍ നിന്ന് തിളങ്ങിയ ശേഷം സംവിധാനത്തിലേക്ക് തിരിഞ്ഞത്. അതിനിടെയാണ് ടൊവിനോ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

എസ്ര”യ്ക്ക് ശേഷം ടൊവീനോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാകും “കല്‍ക്കി”. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. സുജിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.