ഇതെന്ത് മറിമായം; കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് ടോം വടക്കന്‍, ‘പഴി കേള്‍ക്കുന്നത്’ ടോമിച്ചന്‍ മുളകുപാടം

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ എഐസിസി മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ നല്‍കിയത്. പുല്‍വാമ അക്രമത്തില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം സങ്കടപ്പെടുത്തിയെന്നാണ് ബിജെപിയെ പലതവണ കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്തിരുന്ന ടോം വടക്കന്‍ അതേ പാര്‍ട്ടിയില്‍ ചേര്‍ന്നു കൊണ്ട് കാരണം പറഞ്ഞത്. എന്നാല്‍ ടോം വടക്കന്റെ പാര്‍ട്ടി മാറ്റത്തില്‍ സോഷ്യല്‍ മീഡിയയില്‍ ‘പഴികേള്‍ക്കുന്നത്’ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ്.

ടോം വടക്കന്‍ പാര്‍ട്ടി മാറിയതിനു പിന്നാലെ ടോമിച്ചന്‍ മുളകുപാടത്തിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ കമന്റുകളായി ‘രോഷം’ പുകയുകയാണ്. വരുന്ന കമന്റുകള്‍ ട്രോള്‍ രൂപത്തിലാണെന്ന് മാത്രം. ആളു മാറിയതല്ല മനപൂര്‍വ്വം ഒരു രസത്തിന് കുറേ പേര്‍ ഇറങ്ങി തിരിച്ചതെന്ന് കമന്റുകളില്‍ നിന്ന് വ്യക്തം. ഒരു സമയത്തെ കരിങ്കോഴി വില്‍പ്പന പോലെ.

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പോസ്റ്റിനു താഴെയാണ് കമന്റുകള്‍ കൂടുതലും കുമിഞ്ഞു കൂടുന്നത്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് ഏറ്റവും ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച് പുറത്തിറങ്ങിയ ചിത്രം.