ടി.കെ രാജീവ് കുമാര്‍-ഷെയന്‍ നിഗം ചിത്രം 'ബര്‍മുഡ'; ഓഡിയോ മോഷന്‍ പോസ്റ്റര്‍

ഷെയ്ന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ബര്‍മുഡ”യുടെ ഓഡിയോ മോഷന്‍ പോസ്റ്റര്‍ പുറത്ത്. മഞ്ജു വാര്യര്‍ ആണ് ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. ഒരു കൂട്ടം പൂച്ചകള്‍ക്കൊപ്പം ഇരിക്കുന്ന ഷെയ്‌നിനെ പൊലീസ് ജീപ്പില്‍ നിന്നും നോക്കുന്ന വിനയ് ഫോര്‍ട്ടിനെയാണ് പോസ്റ്ററില്‍ കാണാനാവുക.

“കാണാതായതിന്റെ ദുരൂഹത” എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തീര്‍ത്തും നര്‍മ്മ പശ്ചാത്തലത്തില്‍ പറയുന്ന സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്.

കാശ്മീരി സ്വദേശി ശെയ്ലീ കൃഷ്ണയാണ് നായിക. വിനയ് ഫോര്‍ട്ട്, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍,കോട്ടയം നസീര്‍,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. മണിരത്നത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ഛായാഗ്രഹണം.

ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും, വിനായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണ്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. കോസ്റ്റും ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ.രാജേഷ് & ഷൈനി ബെഞ്ചമിന്‍. പി.ആര്‍.ഒ-പി. ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്.