‘മണലാരണ്യത്തില്‍ ജോലിയുടെ തിരക്കുകള്‍’; ധമാക്കയിലേയ്ക്കുള്ള ഒമറിന്റെ ഓഫര്‍ നിരസിച്ച് ‘അഖില്‍ സെര്‍’

ഒമര്‍ ലുലുവിന്റെ പുതിയ ചിത്രമായ ധമാക്കയിലേയ്ക്കുള്ള ഓഫര്‍ നിരസിച്ച് ടിക് ടോക് താരം അഖില്‍ സെര്‍. ജോലിത്തിരക്ക് കാരണമാണ് അഖില്‍ സെര്‍ ചിത്രത്തില്‍ നിന്നും പിന്മാറിയത്. സംവിധായകന്‍ ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

‘അഖില്‍ സെര്‍ ആരാധകരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് ധമാക്കയില്‍ ഒരു വേഷം ചെയ്യാനായി അദ്ദേഹത്തെ സമീപിച്ചിരുന്നു, പക്ഷെ മണലാരണ്യത്തില്‍ ജോലിയുടെ തിരക്കുകള്‍ മൂലം വിട്ട് നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍, അദ്ദേഹം ഈ അവസരം സ്‌നേഹത്തോടെ വിസമ്മതിക്കുകയാണുണ്ടായത്.’ ഒമര്‍ കുറിപ്പില്‍ പറഞ്ഞു.

ഒരു അഡാറ് ലവിനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ മനോഹരമാക്കിയ അരുണാണ് ധമാക്കയില്‍ നായകന്‍. നിക്കി ഗല്‍റാണിയാണ് നായിക. ഒമര്‍ ലുലുവിന്റെ നാലാമത്തെ ചിത്രമായ ധമാക്കയില്‍ സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക , എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാശ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീതം. ഛായാഗ്രഹണം സിനോജ് പി അയ്യപ്പന്‍.