ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മൂന്നു നായികമാര്‍; നായകന്‍ ജേക്കബ് ഗ്രിഗറി

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ മൂന്ന് നായികമാരുണ്ടെന്നാണ് ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അനു സിത്താര, നിഖില വിമല്‍, അനുപമ പരമേശ്വരന്‍ എന്നിവരായിരിക്കും ചിത്രത്തിലെ ആ മുന്ന് നായികമാര്‍. ജേക്കബ് ഗ്രിഗറിയാവും ചിത്രത്തില്‍ നായകന്‍. ആദ്യമായാണ് ഗ്രിഗറി ഒരു ചിത്രത്തില്‍ നായകനാകുന്നത്.

ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. എന്നാല്‍ ‘അശോകന്റെ ആദ്യരാത്രി’ എന്നാണ് ചിത്രത്തിന്റെ പേരെന്ന് മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത തെറ്റാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതായുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. ചിത്രത്തിന്റെ പേരും നിര്‍മ്മാണ കമ്പനിയുടെ പേരും ഉടന്‍ തന്നെ അനൗണ്‍സ് ചെയ്യുമെന്ന് ദുല്‍ഖര്‍ നേരത്തെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചിരുന്നു. ദുല്‍ഖര്‍ ഈ ചിത്രത്തില്‍ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ടെന്ന വാര്‍ത്തയും ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

നവാഗതനായ ഷംസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആലുവയില്‍ പുരോഗമിക്കുകയാണ്. വിജയരാഘവന്‍, ശ്രീലക്ഷ്മി, സുധീഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. അനുപമ പരമേശ്വരന്‍ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാകും ഇത്. ദുല്‍ഖര്‍ നായകനായെത്തിയ ജോമോന്റെ സുവിശേഷത്തിലാണ് അനുപമ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്.