'തിരിമാലി', ചിരിപ്പൂരം തീര്‍ക്കാന്‍ ബിപിനും ധര്‍മ്മജനും; ആദ്യ ഷെഡ്യൂള്‍ നേപ്പാളില്‍

ബിപിന്‍ ജോര്‍ജ്, ധര്‍മജന്‍, ജോണി ആന്റണി, അന്ന രേഷ്മ രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ രാജീവ് ഷെട്ടി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. “തിരിമാലി” എന്ന് പേരിട്ട ചിത്രം മുഴുനീള കോമഡി എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ നേപ്പാളില്‍ ആരംഭിക്കും. സേവ്യര്‍ അലക്സും രാജീവ് ഷെട്ടിയും ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്.കെ. ലോറന്‍സാണ് തിരിമാലി നിര്‍മിക്കുന്നത്.

ഇന്നസെന്റ്, സലിംകുമാര്‍, ഹരീഷ് കണാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ശിക്കാരി ശംഭു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലോറന്‍സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണവും ബിജിബാല്‍ സംഗീതവും ഒരുക്കുന്നു.

റാഫി- മെക്കാര്‍ട്ടിന്‍, ഷാഫി എന്നിവരുടെ കീഴില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചയാളാണ് രാജീവ് ഷെട്ടി. ഷാഫിയുടെ “ഒരു പഴയ ബോംബ് കഥ” എന്ന സിനിമയില്‍ ചീഫ് അസോസിയേറ്റായിരുന്നു.