അനൂപ് മേനോന്റെ തിമിംഗല വേട്ട വരുന്നു; അക്വാറ്റിക് യൂണിവേഴ്സിലെ അടുത്ത ചിത്രമാണോ എന്ന സംശയവുമായി ആരാധകര്‍

അനൂപ് മേനോന്‍, ബൈജു സന്തോഷ്, കലാഭവന്‍ ഷാജോണ്‍, രമേശ് പിഷാരടി, ആത്മീയ രാജന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘തിമിംഗലവേട്ടയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. വി.എം.ആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാകേഷ് ഗോപനാണ്.

സമകാലികരാഷ്ട്രീയത്തിലെ ചില സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഒരു പൊളിറ്റിക്കല്‍ ചിത്രമാണ് തിമിംഗലവേട്ട എന്ന് സംവിധായകന്‍ മാധ്യമങ്ങളെ അറിയിച്ചു. ചിത്രത്തിലെ നായകന്മാരായ അനൂപ് മേനോന്‍, ബൈജു സന്തോഷ്, കലാഭവന്‍ ഷാജോണ്‍, രമേശ് പിഷാരടി എന്നിവര്‍ ഒത്തുചേരുന്ന ഒരു പ്രൊമോഷണല്‍ സോങ്ങും, ഏറെ പുതുമ നിറഞ്ഞ മറ്റൊരു പ്രൊമോഷണല്‍ സോങ്ങും ചിത്രത്തിന്റെ ഭാഗമാണ്.

അതേസമയം അനൂപ് മേനോന്റെ അക്വാട്ടീക് യൂണിവേഴ്സിലെ പടമാണോ തിമിംഗലവേട്ട എന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നത്. മുമ്പ് റിലീസായ അനൂപ് മേനോന്‍ സിനിമകള്‍ വെച്ച് ‘അക്വാട്ടിക്ക് മാന്‍ ഓഫ് മോളിവുഡ്’ എന്നാണ് മലയാള സിനിമാപ്രേക്ഷകര്‍ അനൂപിനെ വിശേഷിപ്പിക്കുന്നത്.

അശ്വിന്‍ മാത്യു, വിജയരാഘവന്‍, ദീപു കരുണാകരന്‍ തുടങ്ങിയ നടന്മാരും ചിത്രത്തിന്റെ ഭാഗമാണ്. സംവിധായകന്‍ രാകേഷ് ഗോപന്‍ തന്നെ കഥയും തിരക്കഥയും രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രദീപ് നായരാണ്. സംഗീതം: ബിജിബാല്‍. എഡിറ്റര്‍: നൗഫല്‍ അബ്ദുള്ള. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ്. മുരുകന്‍. വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍. മേക്കപ്പ്: റോണക്‌സ് സേവിയര്‍. വിതരണം: വി.എം.ആര്‍ ഫിലിംസ്. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്.