ജയഭാരതിയുടെ വീട്ടില്‍ മോഷണം; മലയാളിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

നടി ജയഭാരതിയുടെ ചെന്നൈയിലെ വീട്ടില്‍ മോഷണം നടത്തിയ മലയാളികളടക്കമുള്ള സംഘം പിടിയില്‍. സെക്യൂറിറ്റി ജീവനക്കാരനും ഇയാളെ സഹായിച്ച മലയാളി ഡ്രൈവറുമടക്കമുള്ളവരാണ് പിടിയിലായത്. 31 പവന്‍ സ്വര്‍ണാഭരണമാണ് ഇവര്‍ കവര്‍ന്നത്. ജയഭാരതിയുടെ പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പ്രതികളെ പിടികൂടി. സ്വര്‍ണം ഇവരില്‍ നിന്നു പിടിച്ചെടുത്തു.

മാര്‍ച്ച് ഏഴിനായിരുന്നു ജയഭാരതി നുങ്കംപാക്കത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സ്വര്‍ണമടക്കമുള്ളവ മോഷ്ടിക്കപ്പെട്ടെന്നായിരുന്നു നടിയുടെ പരാതി. കഴിഞ്ഞ വര്‍ഷം സെക്യൂരിറ്റി ജോലിക്കാരനായി ജയഭാരതിയുടെ വീട്ടിലെത്തിയ ബഹദൂറാണ് പ്രധാനപ്രതി. ഇയാള്‍ നേപ്പാള്‍ സ്വദേശിയാണ്. വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണമടക്കമുള്ളവ വില്‍ക്കാന്‍ സഹായിച്ചതിനാണ് പാലക്കാട് സ്വദേശിയായ ഡ്രൈവര്‍ ഇബ്രാഹിം പിടിയിലായത്.

ബഹദൂര്‍ അടുത്തിടെ പെട്ടെന്ന് ജോലി മതിയാക്കിയിരുന്നു. ഇതാണ് പൊലീസിന് സംശയമുണ്ടാകാന്‍ കാരണം. ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കാനായി ജയഭാരതി തിരുവനന്തപുരത്തേയ്ക്കു പോകാനിരിക്കെയാണു സംഭവം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നു അവര്‍ യാത്ര റദ്ദാക്കി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.