കേരളത്തില്‍ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല; വിഷുവിന് തുറന്നാല്‍ മതിയെന്ന നിലപാടില്‍ ഉടമകള്‍

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല. ചലച്ചിത്ര സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ യോഗത്തിലാണ് തിയേറ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്ന നിലപാട് എടുത്തിരിക്കുന്നത്. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്തത് ആണ് ഈ നിലപാടിന് പിന്നില്‍.

കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെല്ലാം തിയേറ്ററുകള്‍ തുറന്നെങ്കിലും നഷ്ടം കാരണം പൂട്ടുകയായിരുന്നു. അതിനാല്‍ അടുത്ത വര്‍ഷം വിഷുവിനോട് അനുബന്ധിച്ച് തിയേറ്ററുകള്‍ തുറന്നാല്‍ മതിയെന്ന നിലപാടിലാണ് ചില തിയേറ്റര്‍ ഉടമകള്‍.

കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് എട്ടു മാസങ്ങളായി തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. മാര്‍ച്ച് പകുതിയോടെയണ് സിനിമാ പ്രദര്‍ശനങ്ങള്‍ നിര്‍ത്തിവെച്ചത്. അതേസമയം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, വണ്‍, മാലിക് തുടങ്ങി നിരവധി വമ്പന്‍ സിനിമകളാണ് റിലീസിന് തയ്യാറെടുക്കുന്നത്.

കോവിഡിന് മുമ്പും ശേഷവുമായി 67 സിനിമകളാണ് മലയാളത്തില്‍ പൂര്‍ത്തിയായിട്ടുള്ളത്. നിലവില്‍ പതിനഞ്ചോളം ചിത്രങ്ങളുടെ ഷൂട്ടിംഗും നടന്നു കൊണ്ടിരിക്കുകയാണ്. സൂഫിയും സുജാതയും, മണിയറയിലെ അശോകന്‍ തുടങ്ങി ചുരുക്കം ചില സിനിമകള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തിരുന്നു.