തിരക്കുകള്‍ അവസാനിച്ചു ഇനി 'ചിയൻ 61'; പാ രഞ്ജിത്ത് ചിത്രം ഒക്ടോബറില്‍ ആരംഭിക്കും

വിക്രം പ്രധാന കഥാപാത്രത്തിലെത്തുന്ന ‘ചിയാന്‍ 61’ന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്ന് സംവിധായകൻ പാ രഞ്ജിത്ത്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ തമിഴ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് പാ രഞ്ജിത്ത് സംസാരിച്ചത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും, സിനിമ വ്യത്യസ്തവും രസകരവുമായ ലോകം സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തില്‍ ശക്തമായ ഒരു സ്ത്രീ കഥാപാത്രം ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് അവസാനത്തോടെ ‘ചിയാന്‍ 61’ന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ ടീം ഒരുങ്ങുന്നതായി മുന്‍പ് പാ രഞ്ജിത്ത് വെളിപ്പെടുത്തിയിരുന്നു. എന്നാൽ തന്റെ ചിത്രം ‘നച്ചത്തിരം നഗര്‍ഗിരതി’ന്റെയും വിക്രത്തിന്റെ ‘കോബ്ര’യുടെയും പ്രൊമോഷന്‍ തിരിക്കുകൾ വന്നതോടെ ചിത്രീകരണം നീണ്ട് പോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കെജിഎഫില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കി വമ്പന്‍ സ്‌കെയിലില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ചിയാന്‍ 61’. സിനിമയില്‍ തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന നായികയാകും എന്നും റിപ്പോര്‍ട്ടുകളുമുണ്ട്. ‘ തമിഴിനൊപ്പം ഹിന്ദിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടക്കുക. സുല്‍ത്താനും’ ‘വാരിസി’നും ശേഷം നടിയുടെ മൂന്നാം തമിഴ് ചിത്രമായിരിക്കും ‘ചിയാന്‍ 61’.

ജി വി പ്രകാശ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍രാജയാണ്. കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. എസ് എസ് മൂര്‍ത്തി ആണ് കലാ സംവിധായകന്‍. ‘കെജിഎഫ്’, കമല്‍ഹാസന്‍ ചിത്രം ‘വിക്രം’ എന്നിവയ്ക്ക് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ അന്‍പറിവ് ആണ് ആക്ഷന്‍ കൊറിയോഗ്രഫി.