മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണനാകാന്‍ പൃഥ്വിരാജിനെ അനുവദിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി അമ്മ

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ പറയുന്ന ‘മേജര്‍’ മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നേറുകയാണ്. സന്ദീപിന്റെ ജീവിതം സിനിമയാക്കുന്നതിനായി ഒരുപാട് പേര്‍ സമീപിച്ചിരുന്നതായി സന്ദീപിന്റെ അമ്മ ധനലക്ഷ്മി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞിരുന്നു. മുമ്പ് പൃഥ്വിരാജ് നായകനായി സന്ദീപിന്റെ കഥയെത്തുന്നു എന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആ സിനിമയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ധനലക്ഷ്മി അമ്മ മനോരമയുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.

സന്ദീപിന്റെ കുടുംബത്തില്‍ നിന്നും അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് പൃഥ്വിരാജ് നായകനായ ഈ സിനിമ ഉപേക്ഷിച്ചത്. ഒരുപാട് ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ അദിവി ശേഷും സംഘവും ‘മേജര്‍’ ചിത്രത്തിന് വേണ്ടി സമീപിച്ച്, അവര്‍ക്ക് അനുമതി നല്‍കിയതിന്റെ പിറ്റേന്നായിരുന്നു പൃഥ്വിരാജ് ചിത്രവുമായി ചിലര്‍ തങ്ങളെ സ്മീപിച്ചതെന്ന് ഇവര്‍ വെളിപ്പെടുത്തുന്നു. ‘മേജറി’ന് അനുമതി നല്‍കിയ സ്ഥിതിക്ക് മാറ്റാന്‍ സാധിക്കില്ലല്ലോ എന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് നായകനായി ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 9ന് ശേഷം സോണി പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ ചിത്രമാണ് മേജര്‍.

Read more

അദിവി ശേഷിന്റെ അദിവി എന്റര്‍ടെയ്ന്‍മെന്റും ശരത് ചന്ദ്ര, അനുരാഗ് റെഡ്ഡി എന്നിവരുടെ എ + എസ് മൂവീസും ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികളാണ്. 120 ദിവസമെടുത്ത് ചിത്രീകരിച്ച സിനിമയില്‍ എട്ട് സെറ്റുകളും 75 ലധികം ലൊക്കേഷനുകളും ഉപയോഗിച്ചിട്ടുണ്ട്.