'ആണധികാരത്തിന്റെ അവലോസുണ്ടയില്‍ ഉറുമ്പ് അരിക്കുന്ന കാഴ്ച'; ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, പ്രേക്ഷക പ്രതികരണം

സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിച്ച “ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍” സിനിമയ്ക്ക് മികച്ച പ്രതികരണങ്ങള്‍. നാടകീയത ഇല്ലാതെ റിയലിസ്റ്റിക് അനുഭവം തന്നെയാണ് സിനിമ തരുന്നത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നീ സ്ട്രീമിലാണ് സിനിമ ഇന്ന് റിലീസ് ചെയ്തത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാകാന്‍ സാദ്ധ്യതയുള്ള ഒരു സിനിമ എന്നാണ് ഒരു പ്രേക്ഷകന്‍ പറയുന്നത്. ആണധികാരത്തിന്റെ അവലോസുണ്ടയില്‍ ഉറുമ്പ് അരിക്കുന്ന കാഴ്ച. 2012ല്‍ സുരാജിനും നിമിഷയ്ക്കും ഗംഭീര തുടക്കം എന്നും പറയുന്നു. പുരുഷനും മതവും ദൈവവും ചേര്‍ന്ന് അടുക്കള പെണ്ണിന്റെ നരകമാക്കുന്നത് ഇങ്ങനെയാണ് എന്നാണ് ഒരു അഭിപ്രായം.

എല്ലാ ക്ളീഷേകളെയും പൊളിച്ചടുക്കി നല്ല വെടിപ്പായി കാര്യങ്ങള്‍ പറഞ്ഞു എന്നാണ് ഒരു പ്രേക്ഷന്റെ പ്രതികരണം. ഓരോ മലയാളിയും ഈ സിനിമ കണ്ടിരിക്കണം. ഹൃദയത്തെ തൊടുന്നതാണ്, ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് എന്നാണ് സാമൂഹിക പ്രവര്‍ത്തകനും നടി കനി കുസൃതിയുടെ അച്ഛനുമായ മൈത്രേയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ജിയോ ബോബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ വിവാഹ ശേഷം അടുക്കളയും പാചകവുമായി മാത്രം ഒതുങ്ങിപ്പോകുന്ന ഒരുകൂട്ടം സ്ത്രീജനങ്ങളുടെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് പറയുന്നത്. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.