ജോജു ജോര്‍ജിന് എതിരെ നടപടിക്ക് ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

ഓഫ് റോഡ് റൈഡില്‍ പങ്കെടുത്തതിന് നടന്‍ ജോജു ജോര്‍ജിനെതിരെ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്റെ ഉടമയ്ക്കും റൈഡിന്റെ സംഘാടകര്‍ക്കും ഉള്‍പ്പെടെ നോട്ടീസ് നല്‍കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്. കെ എസ് യുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ജോജു ജോര്‍ജിനെതിരെയും സംഘാടകര്‍ക്കെതിരെയും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. വാഗമണ്‍ എം എം ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയ്ല തോട്ടത്തിലാണ് റൈഡ് നടന്നത്.

സുരക്ഷ സംവിധാനങ്ങളില്ലാതെ അപകടകരമായ രീതിയിലാണിത് നടത്തിയത്. കൃഷിക്കു മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയില്‍ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാന്റേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സംഘടകരുടെ അതിഥിയായാണ് ജോജു എത്തിയത്. ജോജുവിന്റെ പ്രിയപ്പെട്ട വാഹനങ്ങളില്‍ ഒന്നായ ജീപ്പ് റാംഗ്ലറിലായിരുന്നു ഓഫ് റോഡിങ് നടത്തിയത്. ഓഫ്റോഡ് മാസ്റ്റേഴ്സ് ആണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.