'റിച്ചി'യില്‍ നിവിന്‍ പോളിയെ നായകനാക്കിയതിന്റെ കാരണം ഇതാണ്

2014ല്‍ പുറത്തിറങ്ങിയ രക്ഷിത് ഷെട്ടി നായകനായ “ഉളിദവരു കണ്ടംതേ” എന്ന കന്നഡ സിനിമയുടെ റീമേക്കായ “റിച്ചി” പ്രദര്‍ശനത്തിനൊരുങ്ങി. നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രം എന്ന നിലയില്‍ ഇതിനകം തന്നെ സിനിമയ്ക്ക് വലിയ പ്രചരണം ലഭിച്ചിരുന്നു.

പ്രേക്ഷകര്‍ സ്ഥിരം കണ്ടതും പ്രതീക്ഷിക്കുന്നതുമായ ഒരു നിവിനെയല്ല ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ ഗൗതം രാമചന്ദ്രന്‍. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നോട്ടുപോവുകയെന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം ഗുണംചെയ്യുന്ന കാര്യമാണ്. നിവിന്‍ അത്തരത്തിലുള്ള കഥാപാത്രങ്ങളുമായി സഹകരിക്കാന്‍ തയ്യാറുള്ള വ്യക്തിയാണ്. വേറിട്ട മുഖം പ്രേക്ഷകര്‍ സ്വീകരിക്കുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും സംവിധായകന്‍ പറഞ്ഞു.

എന്റെ ആദ്യ സിനിമ തമിഴില്‍ തന്നെയാകണമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു, നിവിന്‍ പോളിയുമായി നാലുവര്‍ഷത്തെ പരിചയമുണ്ട്. ആദ്യംമുതല്‍ ഞങ്ങള്‍ ചര്‍ച്ചചെയ്തതും തമിഴ് സിനിമയ്ക്കുവേണ്ടിയുള്ള കഥയായിരുന്നു. അതിനിടയിലാണ് “ഉളിദവരു കണ്ടംതേ” എന്ന കന്നഡസിനിമ ഞാന്‍ കാണുന്നത്. അതിലെ കഥാപാത്രത്തെക്കുറിച്ച് നിവിനോട് സംസാരിച്ചു. പടം കണ്ടപ്പോള്‍ നിവിനും ഇഷ്ടമായി. കഥാപാത്രത്തന് നെഗറ്റീവ് ഷേഡ് ഉണ്ടെങ്കിലും സിനിമചെയ്യാമെന്ന് സമ്മതിച്ചു. പിന്നീട് ഒരു വര്‍ഷത്തോളമെടുത്താണ് തിരക്കഥ പൂര്‍ത്തിയാക്കുന്നത്. മലയാളിയാണെങ്കിലും തമിഴകത്തും നിവിന്‍ പോളിക്ക് ഒരുപാട് ആരാധകരുണ്ടെന്നും ഗൗതം രാമചന്ദ്രന്‍ പറഞ്ഞു