‘ആരാ നിങ്ങൾ..’ കൗതുകമുണർത്തി ടെർമിനേറ്ററിന്റെ മലയാളം ട്രെയിലർ

ടെർമിനേറ്റർ സീരീസിലെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഒരു ഇടവേളക്ക് ശേഷം അർണോൾഡ് ഷ്വസ്നഗർ മടങ്ങിയെത്തുന്ന ‘ടെര്‍മിനേറ്റര്‍ ദി ഡാര്‍ക്ക് ഫേറ്റ്’ എന്ന ചിത്രം നവംബര്‍ 1ന് തിയറ്ററുകളില്‍ എത്തുകയാണ്. ആദ്യമായി ഒരു ഹോളിവുഡ് സിനിമ ആഗോള റിലീസിനൊപ്പം തന്നെ മലയാളത്തിലും മൊഴിമാറ്റി പുറത്തിറക്കുന്നു എന്ന പ്രത്യേകതയും ടെര്‍മിനേറ്ററിനുണ്ട്.

ചിത്രത്തിൻറെ മലയാളം പതിപ്പിന്റെ ട്രെയിലർ മലയാളത്തിന്റെ പ്രിയതാരം ടോവിനോ തോമസ് ഇന്നലെ കൊച്ചിയിൽ പുറത്തിറക്കി. താരം തന്റെ ഫേസ്‌ബുക്ക് പേജിലും ട്രെയിലർ പങ്കു വച്ചിട്ടുണ്ട്. പൊതുവെ നല്ല അഭിപ്രായത്തോട് കാണികൾ ട്രെയിലറിനെ സ്വീകരിക്കുന്നുണ്ട്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.ഇതോടൊപ്പം ഇംഗ്ലീഷ് പതിപ്പും വ്യാപകമായി ഇന്ത്യയിൽ റിലീസ് ചെയ്യും. ടെർമിനേറ്റർ സീരിസിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ജഡ്ജ്‌മെന്റ് ഡേയുടെ തുടർച്ചയിൽ കൂടി ഒരുക്കിയ ചിത്രം ആണ് ‘ഡാർക്ക് ഫേറ്റ്’.