അത്ഭുതപ്പെടുത്താന്‍ 'സെയ് റാ'; ബ്രഹ്മാണ്ഡ ചിത്രം നാളെ തിയേറ്ററുകളിലേക്ക്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ ചിരഞ്ജീവി ചിത്രം “സെയ് റാ നരസിഹ റെഡ്ഡി” നാളെ തിയേറ്ററുകളിലേക്കെത്തും. ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളി ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ കഥയാണ് ചിത്രം പറയുന്നത്.

250 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന സെയ് റാ തെലുങ്ക്, തമിഴ്, മലയാളം ഹിന്ദി എന്നീ നാല് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ചിരഞ്ജീവിയുടെ 151ാമത് ചിത്രമാണ് സെയ് റാ. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറും ഗാനങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സെയ് റാ കോനിഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ റാംചരണാണ് നിര്‍മിക്കുന്നത്. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, വിജയ് സേതുപതി, തമ്ന്ന, കിച്ച സുദീപ്, ബ്രഹ്മാജി, രവി കിഷന്‍, ഹുമ ഖുറേഷി എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തിലെത്തുന്നത്. ആര്‍ രത്‌നവേലു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് അമിത് ത്രിവേദിയാണ് സംഗീത സംവിധാനം.