ആരെയും അപമാനിച്ചിട്ടില്ല, ഞാന്‍ കുട്ടികളെ പോലെ; നാലുവയസ്സുകാരനെ ചെകുത്താന്‍ എന്ന് വിളിച്ചതിനെ കുറിച്ച് സ്വര

ടിവി ഷോയില്‍ നടി സ്വര ഭാസ്‌കര്‍ നാലുവയസുകാരനെ അസഭ്യം പറഞ്ഞ സംഭവം വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. എന്നാലിപ്പോള്‍ അതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി.. “സണ്‍ ഓഫ് അബിഷ്” എന്ന ചാറ്റ് ഷോയ്ക്കിടെയായിരുന്നു സംഭവം നടന്നത്. പരസ്യ ചിത്രീകരണത്തിനിടെ സ്വരയെ ആന്റിയെന്ന് വിളിച്ചതിനാണ് കുട്ടിയെ അസഭ്യം പറഞ്ഞത്. ചാറ്റ് ഷോ കോമഡി പരിപാടിയായതിനാല്‍ തമാശയായാണ് കുട്ടിയോട് അത്തരത്തില്‍ സംസാരിച്ചതെന്നാണ് സ്വരയുടെ വിശദീകരണം.

തന്റെ പ്രവൃത്തി ബോധപൂര്‍വ്വമാണെന്നും പക്ഷേ മോശം വാക്കുകളുടെ ഉപയോഗം തെറ്റായി പോയെന്നും സ്വര പറയുന്നു. കുട്ടികള്‍ അടിസ്ഥാനപരമായി ചെകുത്താന്‍മാരാണെന്നും സ്വര പരിപാടിക്കിടെ പറഞ്ഞിരുന്നു. ഇത് വിവാദത്തിന്റെ ആക്കം കൂട്ടി.

അതേസമയം താന്‍ കുട്ടിയെ അപമാനിച്ചിട്ടില്ലെന്നും മാത്രമല്ല താന്‍ ഇപ്പോഴും കുട്ടികളെ പോലെയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ ആദ്യ ഷൂട്ടിംഗ് അനുഭവത്തെ കുറിച്ചുള്ള ചോദ്യമാണ് സ്വരയെ വിവാദങ്ങളിലേക്ക് വലിച്ചിട്ടത്. കരിയറിന്റെ തുടക്കത്തില്‍ തനിക്കൊപ്പം പരസ്യചിത്രത്തില്‍ അഭിനയിച്ച ബാലതാരത്തെ കുറിച്ചാണ് സ്വര പറഞ്ഞത്.