വിക്രമില്‍ സൂര്യ അഭിനയിച്ചത് ഒരു രൂപ പോലും വാങ്ങാതെ, കൈയടിച്ച് ആരാധകര്‍

വിക്രം സിനിമയില്‍ ഏവരെയും അമ്പരപ്പിക്കുന്ന അഭിനയ പ്രകടനമാണ് നടന്‍ സൂര്യ കാഴ്ച്ചവെച്ചത്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ വെറും അഞ്ച് മിനിറ്റ് മാത്രമാണ് താരം പ്രത്യക്ഷപ്പെടുന്നതെങ്കിലും ആ സീനുകള്‍ അവിസ്മരണീയമാക്കിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ സിനിമയിലെ സൂര്യയുടെ അഭിനയവുമായി ബന്ധപ്പെട്ട് ആരാധകരെ പുളകം കൊള്ളിക്കുന്ന പുതിയൊരു വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുകയാണ്.

വിക്രത്തില്‍ ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെയാണ് സൂര്യ വേഷമിട്ടതെന്നാണ് റിപ്പോര്‍ട്ട്. തമിഴിലെ പ്രശസ്ത നിരൂപകനായ പ്രശാന്ത് രംഗസ്വാമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം, ജീവിതത്തിലെ തന്റെ പ്രചോദനമായ കമല്‍ഹാസനു വേണ്ടിയുള്ള ആദരസൂചകമായാണ് സൂര്യ ഈ കഥാപാത്രം ഏറ്റെടുത്തതെന്നും ആരാധകര്‍ പറയുന്നു. കമല്‍ഹാസന്റെ കടുത്ത ആരാധകനാണ് സൂര്യ ശിവകുമാര്‍.

റോളക്‌സ് എന്ന കൊടും വില്ലനായാണ് ചിത്രത്തില്‍ സൂര്യ എത്തുന്നത്. സിനിമയ്ക്ക് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് കമല്‍ഹാസനും ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.