നിര്‍മ്മാണം സൂര്യ, നായകന്‍ കാര്‍ത്തി, സംവിധാനം പാണ്ടിരാജ്

തമിഴ് താരം സൂര്യയുടെ നിര്‍മ്മാണ കമ്പനി ആയ 2ഡി എന്റർടൈൻമെന്റ് അടുത്തതായി നിർമ്മിക്കുന്ന ചിത്രത്തിലെ നായകൻ സഹോദരൻ കാർത്തി. ഇനിയും പേര് തീരുമാനിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ സംവിധായകൻ പാണ്ടിരാജാണ്. പസങ്ക, പസങ്ക 2, ഇത് നമ്മ ആള് തുടങ്ങിയ നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് പാണ്ടിരാജ്‌. സൂര്യ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രം, കൊമേഴ്‌സ്യൽ സിനിമയുടെ എല്ലാ ചേരുവകളും ചേർന്ന ഒന്നായിരിക്കും എന്നാണ് റിപോർട്ടുകൾ. ഹ്യൂമറും, വൈകാരികതയും, ആക്ഷനും, റൊമാൻസും എല്ലാം ചേർന്ന ഒരു കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നത് എന്ന് കാർത്തി പറഞ്ഞു. സത്യരാജ്, ഭാനുപ്രിയ, മൗനിക, പൊൻവണ്ണൻ , മാരിമുത്തു തുടങ്ങി ഒരു വൻതാരനിര തന്നെ ചിത്രത്തിലുണ്ട്.

സൂര്യ നിർമ്മാണ രംഗത്ത് പ്രവേശിക്കുന്നത് മുപ്പത്താറാം വയതിനിലെ എന്ന ചിത്രത്തിലൂടെയാണ്. ഭാര്യാ ജ്യോതിക ആയിരുന്നു ചിത്രത്തിൽ നായിക. സൂര്യയുടെ ഏറ്റവും പുതിയ ചിത്രം “താനാ സേര്‍ന്ത കൂട്ടം” റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസർ ഇതിനോടകം യൂട്യൂബിൽ ഹിറ്റ് ആണ്. “തീരൻ അധികരം ഒണ്‍ട്ര്” എന്ന തമിഴ് ചിത്രമാണ് കാർത്തിയുടെ ഒടുവിൽ ഇറങ്ങിയ ചിത്രം. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് കാർത്തി ചിത്രത്തിൽ എത്തിയത്. കഴിഞ്ഞ ദിവസം ചിത്രീകരണം ആരംഭിച്ച കാര്‍ത്തി ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകളിൽ ഒന്ന് തെങ്കാശിയാണ്.