'പതിനെട്ട് മണിക്കൂറോളം ജോലി, ആദ്യ ശമ്പളം 736 രൂപ'; സിനിമയിലേക്ക് വരാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് സൂര്യ

തനിക്ക് ആദ്യമായി ലഭിച്ച ശമ്പളത്തെ കുറിച്ച് നടന്‍ സൂര്യ. സൂരറൈ പോട്രു ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ ആദ്യമായി കിട്ടിയ ശമ്പളത്തെ കുറിച്ച് ഓര്‍മ്മ വന്നു എന്നാണ് സൂര്യ പറയുന്നത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് വരാന്‍ അന്ന് താന്‍ ആഗ്രഹിച്ചിരുന്നില്ല. ഗാര്‍മെന്റ് ഫാക്ടറിയിലാണ് ആദ്യമായി ജോലി ലഭിച്ചത്.

736 രൂപയായിരുന്നു ആദ്യ മാസം ശമ്പളമായി തനിക്ക് ലഭിച്ചത്. എല്ലാ ദിവസവും 18 മണിക്കൂറോളം ജോലി ചെയ്യണം. ആദ്യ ശമ്പളം ലഭിച്ച കവറിന്റെ കനം വരെ തനിക്കിപ്പോഴും ഓര്‍മ്മയുണ്ടെന്നും സൂര്യ ദ ഹിന്ദുവിനോട് പറഞ്ഞു. ആമസോണ്‍ പ്രൈമില്‍ നവംബര്‍ 12-ന് ആണ് സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്രു റിലീസിനെത്തുന്നത്.

റിട്ടയേര്‍ഡ് ആര്‍മി ക്യാപ്റ്റനും എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി. ആര്‍ ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അപര്‍ണ ബാലമുരളി നായികയാവുന്ന ചിത്രത്തില്‍ ഉര്‍വ്വശി, മോഹന്‍ റാവു, പരേഷ് റാവല്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സൂര്യയുടെ മുപ്പത്തിയെട്ടാമത് ചിത്രമാണ് സൂരറൈ പോട്രു. സൂര്യയുടെ ഉടമസ്ഥതയിലുള്ള 2 ഡി എന്റര്‍ടൈന്‍മെന്റ്സും രാജ്സേക്കര്‍ കര്‍പുരസുന്ദരപാണ്ഡിയന്‍, ഗുനീത് മോംഗ, ആലിഫ് സുര്‍ട്ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.