ഫാന്‍സ് ക്ലബ്ബ് അംഗങ്ങള്‍ പ്രതിസന്ധിയില്‍; ധനസഹായവുമായി നടന്‍ സൂര്യ

കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ഫാന്‍സ് ക്ലബ്ബ് അംഗങ്ങള്‍ക്ക് സഹായവുമായി നടന്‍ സൂര്യ. ആരാധക കൂട്ടായ്മയിലെ 250 പേര്‍ക്കാണ് 5,000 രൂപ ധനസഹായം സൂര്യ നല്‍കിയിരിക്കുന്നത്. ഇവരുടെ അക്കൗണ്ടുകളിലേക്ക് താരം പണം അയക്കുകയായിരുന്നു.

കോവിഡ് പ്രതിസന്ധിയില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കണമെന്നും താരം ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. നേരത്തെ മഹാമാരിക്കെതിരെ പോരാടാനായി സൂര്യയും കാര്‍ത്തിയും തമിഴ്‌നാട് സര്‍ക്കാറിന് ഒരു കോടി രൂപ ധനസഹായം നല്‍കിയിരുന്നു.

മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ നേരില്‍ കണ്ടാണ് ഇവര്‍ ചെക്ക് കൈമാറിയത്. ഇതു കൂടാതെ സൂര്യ വിദ്യര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായും, കാര്‍ത്തി കര്‍ഷകരെ സഹായിക്കാനും ധനസഹായം നല്‍കിയിരുന്നു.

അതേസമയം, സുധ കൊങ്കര ഒരുക്കിയ സൂരരൈ പോട്ര് ആയിരുന്നു സൂര്യയുടെയതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പാണ്ഡ്യരാജിനൊപ്പം കരിയറിലെ നാല്‍പ്പതാമത് സിനിമയ്ക്കുള്ള തയാറെടുപ്പിലാണ് താരം. ഇതിന് ശേഷം ടി.ജെ ജ്ഞാനവേലിന്റെ ചിത്രമാകും സൂര്യ ചെയ്യുക.