15 മണിക്കൂര്‍, 2.7 മില്യന്‍ കാഴ്ച്ചക്കാര്‍; തരംഗമായി സൂര്യ-മോഹന്‍ലാല്‍ ചിത്രം ‘കാപ്പാന്‍’ ടീസര്‍

ഒരു ഇടവേളക്കു ശേഷം മോഹന്‍ലാല്‍ തമിഴില്‍ തിരിച്ചെത്തുന്ന സൂര്യ ചിത്രം കാപ്പാന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. അംഗരക്ഷകനായി സൂര്യയുമെത്തുന്നു. ഒരു മിനിറ്റ് 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പല ഗെറ്റപ്പുകളില്‍ സൂര്യ മിന്നിമറയുന്നു എന്നത് ശ്രദ്ധേയമാണ്. ആര്യയും പ്രധാന വേഷത്തിലുണ്ട്.

തമിഴ് പുതുവത്സര ദിനത്തില്‍ പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി 15 മണിക്കൂര്‍ പിന്നിടുമ്പോള്‍ ടീസറിന് 27 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരായിട്ടുണ്ട്. ട്രെന്‍ഡിംഗിലും രണ്ടാമതുണ്ട്. കെ.വി ആനന്ദിന്റെ സംവിധാനത്തിലെത്തുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കാപ്പാന്‍. പ്രമുഖ നിര്‍മ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സയേഷ സൈഗാളാണ് നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍.

ചെന്നൈ, ഡല്‍ഹി, കുളുമണാലി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്നിരിക്കുകയാണ്. ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യ ദിനത്തില്‍ ചിത്രം തിയേറ്ററുകളിലെത്തും.