ഒരു കോടി സംഭാവന നല്‍കി സൂര്യയും കാര്‍ത്തിയും, 25 ലക്ഷം നല്‍കി അജിത്ത്; കൈത്താങ്ങായി തമിഴ് താരങ്ങള്‍

രാജ്യത്ത് കോവിഡ് ക്രമാതീതമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് തമിഴ് താരങ്ങള്‍. സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് ഒരു കോടി രൂപയാണ് തമിഴ്‌നാട് സര്‍ക്കാരിലേക്ക് സംഭാവന നല്‍കിയത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ നേരില്‍ കണ്ടാണ് ഇവര്‍ ചെക്ക് കൈമാറിയത്.

നടന്‍ അജിത്ത് 25 ലക്ഷം രൂപയാണ് കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തത്. നടന്റെ മാനേജര്‍ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ ഈ വിവരം പങ്കുവെച്ചത്.

സംവിധായകന്‍ എ.ആര്‍ മുരുഗദോസും 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രി സ്റ്റാലിനെ നേരില്‍ കണ്ട് സംഭാവന നല്‍കിയത്. രജനികാന്തിന്റെ മകള്‍ സൗന്ദര്യയും ഭര്‍ത്താവ് വിശാഖനും ഭര്‍തൃപിതാവ് വണങ്കാമുടിയും സ്റ്റാലിനെ സന്ദര്‍ശിച്ച് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.

അതേസമയം, തമിഴ്‌നാട്ടില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 30,000ല്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്നൂറ് പേരാണ് മരിച്ചത്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ വരുന്നില്ല എന്ന ആരോപണങ്ങളും ശക്തമാണ്.