പൊളിറ്റിക്കല്‍ ത്രില്ലറുമായി സൂര്യ; ‘എന്‍ജികെ’യിലെ എനര്‍ജറ്റിക് ഗാനം

സൂര്യ നായകനാകുന്ന സെല്‍വരാഘവന്‍ ചിത്രം എന്‍ജികെ യിലെ പുതിയ ഗാനം പുറത്തിറങ്ങി. തണ്ടല്‍ക്കാരന്‍ പാക്കുറാന്‍…എന്നു തുടങ്ങുന്ന എനര്‍ജറ്റിക് ഗാനത്തിന്‍റെ ലെറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്. കെ.ജി രഞ്ജിത്താണ് ഗാനം ആലപിച്ചിരിക്കുന്നത്. കബിലന്റെ വരികള്‍ക്ക് യുവാന്‍ ശങ്കര്‍ രാജ ഈണം പകര്‍ന്നിരിക്കുന്നു. ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. എട്ടുലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരുമായി ഗാനം ട്രെന്‍ഡിംഗില്‍ ആറാമതുമുണ്ട്.

താനാ സേര്‍ന്ത കൂട്ടത്തിനു ശേഷം സൂര്യ നായകനാകുന്ന ചിത്രമാണിത്. നന്ദ ഗോപാല്‍ കുമരന്‍ എന്ന രാഷ്ട്രീയപ്രവര്‍ത്തകനാണ് ചിത്രത്തില്‍ സൂര്യ. സൂര്യ നായകനാകുന്ന 36ാം ചിത്രം കൂടിയാണിത്. യാരടി നീ മോഹിനി, കാതല്‍ കൊണ്ടേന്‍, ആയിരത്തില്‍ ഒരുവന്‍, മയക്കം എന്നൈ, ഇരണ്ടാം ഉലകം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ധനുഷിന്റെ സഹോദരനായ സെല്‍വരാഘവന്‍.

ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്.ആര്‍. പ്രഭുവാണ് നിര്‍മാണം. സായ് പല്ലവി, രാകുല്‍ പ്രീത് സിങ് എന്നിവരാണ് ചിത്രത്തില്‍ നായികമാര്‍. യുവന്‍ ശങ്കര്‍ രാജ സംഗീതം. ചിത്രം മെയ് 31നാണ് റിലീസ് ചെയ്യുന്നത്.