സുരേഷ് ഗോപിയും ശോഭനയും പിന്നെ നസ്രിയയും; അപ്രതീക്ഷിത കൂട്ടുകെട്ടുമായി അനൂപ് സത്യന്‍

അപ്രതീക്ഷിത കൂട്ടുകെട്ടൊരുക്കി കന്നി സംരംഭം വ്യത്യസ്തമാക്കാന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍. തന്റെ ആദ്യ സംവിധാന സംരഭമായ ചിത്രത്തില്‍ മലയാള സിനിമാപ്രേമികളുടെ പ്രിയങ്കരരായ സുരേഷ് ഗോപിയും ശോഭനയും നസ്രിയയും ഒന്നിയ്ക്കുകയാണ്. ആറു വര്‍ഷങ്ങള്‍ക്കു ശേഷം മലയാള സിനിമയിലേക്ക് ശോഭന തിരിച്ചെത്തുമ്പോള്‍ 90 കളിലെ വിജയ ജോഡികളായിരുന്ന ശോഭനയും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. 2005 ല്‍ ജയരാജ് സംവിധാനം ചെയ്ത ‘മകള്‍ക്ക്’ എന്ന ചിത്രത്തിലാണ് ശോഭനയും സുരേഷ് ഗോപിയും അവസാനമായി ഒരുമിച്ചത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തെത്തിയ ‘തിര’യാണ് ശോഭന അവസാനമായി അഭിനയിച്ച ചിത്രം .

ഇവര്‍ മൂന്നു പേരുടെയും കോമ്പോ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമെന്നാണ് അനൂപ് പറയുന്നത്. ‘ നസ്രിയ, ശോഭന മാം, സുരേഷ് ഗോപി സാര്‍ ഇവര്‍ മൂന്നുപേരുടെയും കഥാപാത്രങ്ങളാണ് പൂര്‍ണമായും കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്. മാസ് പരിവേഷമുള്ള സുരേഷ് ഗോപി കഥാപാത്രങ്ങളില്‍ നിന്നും റിയല്‍ സുരേഷ് ഗോപിയെ ആണ് ചിത്രത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ‘ഇന്നലെ’യിലെയും, ‘മണിച്ചിത്രത്താഴി’ലെയും അദ്ദേഹത്തിന്റെ വേഷങ്ങള്‍ എനിക്ക് ഏറെ ഇഷ്ടമാണ്. അതുപോലെ റിയല്‍ ആയ ഒരാളായാകും ഈ സിനിമയിലും അദ്ദേഹം എത്തുക.’ മനോരമയുമായുള്ള അഭിമുഖത്തില്‍ അനൂപ് പറഞ്ഞു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ പഠിക്കുമ്പോള്‍ ഒരു സ്റ്റോറി വര്‍ക്ക് ഷോപ്പ് ചെയ്യുന്നതിനു വേണ്ടി ആലോചിച്ച പ്രണയകഥയില്‍ നിന്നാണ് ഇപ്പോഴുള്ള തിരക്കഥ രൂപപ്പെട്ടതെന്ന് അനൂപ് പറയുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും അനൂപ് തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ കഴിഞ്ഞാല്‍ ഉടന്‍ ചിത്രത്തിന്റെ ചിത്രീകരണമാരംഭിക്കും.