വിമര്‍ശിക്കേണ്ടി വരുമോ എന്ന പേടിയുണ്ട്; ഗോകുലിന്റെ ആദ്യ സിനിമ കണ്ടിട്ടില്ലെന്ന് സുരേഷ് ഗോപി

മകന്‍ ഗോകുല്‍ സുരേഷ് അഭിനയിച്ച ആദ്യ സിനിമ “മുദ്ദുഗൗ” താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് സുരേഷ് ഗോപി. ആ ചിത്രം കാണാന്‍ തോന്നിയില്ലെന്നും കണ്ടാല്‍ ഒരു പക്ഷെ വിമര്‍ശിക്കേണ്ടി വരുമോ എന്ന പേടിയുണ്ടെന്നും സുരേഷ് ഗോപി പറയുന്നത്. മകന്റെ അഭിനയത്തില്‍ പോരായ്മ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യാം, എന്നാല്‍ തനിക്ക് അതൊന്നും ഇഷ്ടമല്ലെന്നും സുരേഷ് ഗോപി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

മകന്‍ അവന്റെ വഴിയേ കൃത്യമായി വരട്ടെ എന്നുമാണ് സുരേഷ് ഗോപി പറയുന്നത്. അനൂപ് സത്യന്‍ ചിത്രം “വരനെ ആവശ്യമുണ്ട”തിലൂടെ സിനിമാ രംഗത്ത് തിരിച്ചെത്തിയ സുരേഷ് ഗോപിയുടെ അടുത്ത സിനിമ നിതിന്‍ രഞ്ജി പണിക്കര്‍ ഒരുക്കുന്ന “കാവല്‍” ആണ്. തുടര്‍ന്ന് “ലേലം 2″വും ആരംഭിക്കും.

2016ലാണ് ഗോകുല്‍ സുരേഷിന്റെ ആദ്യ സിനിമ മുദ്ദുഗൗ റിലീസാവുന്നത്. വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം വിജയ് ബാബു, സാന്ദ്ര തോമസ് എന്നിവരുടെ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസാണ് നിര്‍മ്മിച്ചത്.