ആ ഒറ്റ രാത്രി കൊണ്ടാണ് സലിം കുമാറിന്റെ  തലവര തന്നെ മാറുന്നത് 

സലിം കുമാർ 1990 കളുടെ അവസാനത്തോടെയാണ് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറുന്നത്. സലിം കുമാർ എന്ന നടന്റെ തലവര മാറ്റിയെഴുതിയ ചിത്രമായിരുന്നു രണ്ടായിരാമാണ്ടിൽ റിലീസ് ചെയ്ത തെങ്കാശിപ്പട്ടണം.

തെങ്കാശിപ്പട്ടണത്തിൽ ആദ്യം വളരെ ചെറിയ ഒരു വേഷമായിരുന്നു സലിം കുമാറിന്. എന്നാൽ കുതിരവണ്ടിക്കാരനായുള്ള ഒരു നിർണായക വേഷം ചെയ്യേണ്ട ഇന്ദ്രൻസ് മറ്റു ചിത്രങ്ങളുടെ തിരക്കിലായപ്പോൾ ഇന്ദ്രൻസിന്റെ ആ വേഷവും കൂടി സലിം കുമാറിന്റെ കഥാപാത്രത്തിനൊപ്പം വിളക്കി ചേർത്ത്, സലിം കുമാർ കഥാപാത്രത്തെ ഒരു മുഴുനീള വേഷമാക്കി മാറ്റുകയായിരുന്നു സംവിധായകർ. സലിം കുമാറിന്റെ കാര്യത്തിൽ ആദ്യം ലാലിന് ഒരു ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു എങ്കിലും സത്യമേവ ജയതേ എന്ന ചിത്രം തൃപ്പൂണിത്തുറ ഉള്ള ഒരു തിയേറ്ററിൽ തേർഡ് ഷോ ഇട്ടു കണ്ടതിനു ശേഷമാണു സലിം കുമാർ തെങ്കാശിപ്പട്ടണത്തിലെ ആ മുഴുനീള വേഷം ചെയ്യുന്നു എന്ന കാര്യം അവർ ഉറപ്പിച്ചത്. ഈ കാര്യം ഓർത്തെടുത്തു പറയുന്നത് സുരേഷ് ഗോപിയാണ്. ആ ഒറ്റ രാത്രി കൊണ്ടാണ് തന്റെ തലവര തന്നെ മാറുന്നത് എന്നും സലിം കുമാർ പറയുന്നു.