നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക്; തിരിച്ചുവരവ് ചിത്രം 'തമിഴരശന്‍'

നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു. “തമിഴരശന്‍”എന്ന തമിഴ് സിനിമയിലൂടെയാണ് സുരേഷ് ഗോപിയുടെ തിരിച്ചുവരവ്. വിജയ് ആന്റണിയാണ് ചിത്രത്തില്‍ നായകന്‍. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം സുരേഷ് ഗോപി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തില്‍ ഡോക്ടറിന്‍റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്.

2015 ല്‍ പുറത്തിറങ്ങിയ “മൈ ഗോഡ്” ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മലയാള സിനിമയില്‍ ഒരു കാലത്തു ശക്തമായ കഥാപാത്രങ്ങളിലൂടെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി അലങ്കരിച്ചിരുന്ന ആളാണ് സുരേഷ് ഗോപി. എന്നാല്‍ തുടരെത്തുടരെയുള്ള പരാജയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ മാര്‍ക്കറ്റ് വാല്യൂ കുറയ്ക്കുകയും ചിത്രങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും കാരണമായി. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. സുരേഷ് ഗോപിയുടെ തിരിച്ചുവരവിനെ കുറിച്ച് ഇടയ്ക്ക് പലവട്ടം വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അതൊന്നും താരം സ്ഥിരീകരിച്ചിരുന്നില്ല.

https://www.facebook.com/ActorSureshGopi/photos/a.397961973679759/1339243262884954/?type=3&theater

“ദാസ്” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാബു യോഗ്വേശരന്‍ ഒരുക്കുന്ന “തമിഴരശന്‍” ഒരു ആക്ഷന്‍ എന്റര്‍ടെയിനര്‍ ആണ്. ആര്‍ ഡി രാജശേഖര്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഭുവന്‍ ശ്രീനിവാസന്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എസ് എന്‍ എസ് മൂവീസ് ആണ്. രമ്യാ നമ്പീശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.