രാജുവേട്ടാ കട്ട വെയിറ്റിങ്ങെന്ന് സുപ്രിയയുടെ കമന്റ്; പിന്നാലെ പൃഥ്വിരാജിന്റെ രസികന്‍ മറുപടി

മലയാള സിനിമ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം, നായകനായി മോഹന്‍ലാല്‍ എന്നീ രണ്ട് പ്രത്യേകതകളാണ് ചിത്രത്തെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമാക്കുന്നത്.

റിലീസ് അടുത്തതോടെ സിനിമയുടെ പുറത്തു വരുന്ന ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും സ്വീകാര്യതയേറുകയാണ്.

കഴിഞ്ഞ ദിവസം പൃഥ്വിരാജ് ഷെയര്‍ ചെയ്ത ഒരു ലൊക്കേഷന്‍ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ ചിത്രത്തിന് താഴെ ഭാര്യ സുപ്രിയയും കമന്റുമായി എത്തി. “രാജുവേട്ടാ കട്ട വെയ്റ്റിങ്” എന്നായിരുന്നു ഈ ചിത്രത്തിനു സുപ്രിയ നല്‍കിയ കമന്റ്. ഉടന്‍ തന്നെ എത്തി പൃഥ്വിയുടെ മറുപടിയും എത്തി, “ഞാനും വെയിറ്റിംഗ് ആണു ചേച്ചീ”. നിരവധി പേരാണ് ഇരുവരുടെയും കമന്റിന് ലൈക്കുമായി എത്തിയത്. ഇതിനു മുമ്പും താരദമ്പതികള്‍ സോഷ്യല്‍ മീഡിയയിലെ രസകരമായ കമന്റിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 48 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം. ചിത്രം മുമ്പ് അറിയിച്ചിരിക്കുന്നതു പോലെ ഈ മാസം 28 ന് തന്നെ തിയേറ്ററുകളിലെത്തും.

https://www.instagram.com/p/BvIujrDAzyv/?utm_source=ig_web_copy_link