'ഉരുള്‍ പൊട്ടിയ നിലമ്പൂര്‍ മേഖലയില്‍ ടവര്‍ വേണം, ചോദിക്കുന്ന പണവും സൗജന്യമായി ഭൂമിയും തരാം'; പോസ്റ്റ് പങ്കുവെച്ച് സണ്ണി വെയ്ന്‍

മഴക്കെടുതിയെ ജാതിമത ഭേതമന്യേ ഒറ്റക്കെട്ടായി നിന്ന് നേരിട്ടു കൊണ്ടിരിക്കുകയാണ് കേരളക്കര. ജാഗ്രതാ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളുമായി സര്‍ക്കാരിനൊപ്പം നിന്ന് സിനിമാ പ്രവര്‍ത്തകരും രംഗത്തുണ്ട്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സജീവമാക്കി നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും എത്തിക്കാന്‍ രാപകലില്ലാതെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് അവര്‍.

ഇപ്പോഴിതാ നിലമ്പൂര്‍ പോത്തുകല്ലിലെ ഉരുള്‍പ്പൊട്ടിയ മേഖലയില്‍ പോര്‍ട്ടബിള്‍ ടവര്‍ വേണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ സണ്ണി വെയ്ന്‍. ഇത് സ്ഥാപിക്കാന്‍ ചോദിക്കുന്ന പണവും, സൗജന്യമായി ഭൂമിയും തരാമെന്നാണ് സണ്ണി വെയ്ന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഉള്ളത്. അഡ്വ. ജഹാഗീര്‍ റസാഖ് പലേരിയുടെ നമ്പരാണ് പോസ്റ്റിലുള്ളത്. ജഹാഗീറിന്‍റെ പോസ്റ്റ് സണ്ണി വെയ്ന്‍ പങ്കുവെച്ചതാണെന്നാണ് കരുതുന്നത്.

ദുരന്തത്തിനു മുമ്പ് തന്നെ മൊബൈല്‍ ടവറുകളോ നെറ്റുവര്‍ക്കോ ഇല്ല തികച്ചും ഒറ്റപ്പെട്ട ഗ്രാമമായിരിന്നു ഇതെന്നും അത് കൊണ്ട് ഉരുള്‍പൊട്ടല്‍ പോലും വൈകിയാണ് പുറംലോകം അറിഞ്ഞതെന്നും ഇനിയെങ്കിലും എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.

സണ്ണി വെയ്‌നിന്റെ കുറിപ്പ്…

Idea, Vodafone, Jio, Airtel ഉദ്യോഗസ്ഥര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ വിളിക്കൂ. ഞങ്ങള്‍ക്ക് (നിലമ്പൂര്‍ പോത്തുകല്ലില്‍, ഉരുള്‍പൊട്ടിയ മേഖലയില്‍) portable tower വേണം. പണം ചോദിക്കുന്നത് തരാം, ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഭൂമിയും സൗജന്യമായി തരാം. തോല്‍ക്കാനാവില്ല, അതിജീവിക്കണം…
എന്റെ നമ്പര്‍ : 9447 447 889/ 8136 888 889