'സുകുമാരക്കുറുപ്പാ'യി ദുല്‍ഖര്‍; ഒപ്പം സണ്ണി വെയ്‌നും ഷൈന്‍ ടോം ചാക്കോയും

വര്‍ഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാരക്കുറുപ്പിന്റെ കഥയുമായി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം “കുറുപ്പ്” ഒരുങ്ങുന്നു. സെക്കന്റ് ഷോ എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം സണ്ണി വെയ്‌നും ഷൈന്‍ ടോം ചാക്കോയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട വേഷങ്ങളായിരിക്കും അവതരിപ്പിക്കുക.

1984-ല്‍ ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരനെ ഇയാള്‍ കൊലപ്പെടുത്തി ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ച ശേഷം താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗള്‍ഫില്‍ ജോലിചെയ്തിരുന്ന കമ്പനിയില്‍ നിന്നും ഇന്‍ഷുറന്‍സ് പണമായി 8 ലക്ഷം രൂപ തട്ടിയെടുത്തു. ആലപ്പുഴയ്ക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറില്‍ കയറ്റി യാത്രാമദ്ധ്യേ കഴുത്തില്‍ തുണിമുറുക്കി കൊല്ലുകയായിരുന്നു.

പിന്നീട് അയാള്‍ ഈ മൃതദേഹം വീട്ടിലെത്തിച്ച്, മരിച്ചു എന്നുറപ്പ് വരുത്തിയ ശേഷം കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരുത്തി ആളൊഴിഞ്ഞ വഴിയരികില്‍ കാറുള്‍പ്പെടെ കത്തിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് – പൈനുമ്മൂട് റോഡിനരുകില്‍ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറില്‍, കത്തിയ നിലയില്‍ ചാക്കോയെ കണ്ടെത്തിയത്. സംഭവശേഷം സുകുമാരക്കുറുപ്പ് ഒളിവിലാണ്.